തന്‍റെ ബോസിനൊപ്പം കിടക്ക പങ്കിടണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം നിരാകരിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി ഭര്‍ത്താവ്. ഒരു പാര്‍ട്ടിക്കിടെയാണ് ഭര്‍ത്താവ് ഭാര്യയോട് ആവശ്യമറിയിച്ച്. ഇത് സമ്മതിക്കാതെ വന്നതോടെ മാതാപിതാക്കളില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിക്കൊണ്ട് ഇനി വീട്ടില്‍ കയറിയാല്‍ മതിയെന്ന് ഭര്‍ത്താവ് ഭാര്യയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം.
നാല്‍പത്തിയഞ്ച് വയസ്സുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി നോക്കുന്നയാളാണ് ഇരുപത്തിയെട്ടുകാരിയായ തന്‍റെ രണ്ടാം ഭാര്യയെ ബോസിനു മുന്നിലെത്തിച്ചത്. ഭാര്യ ഇക്കാര്യം സമ്മതിക്കാതെ വന്നതോടെ പാര്‍ട്ടിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. അത് പൊലീസ് കേസുമായി. ഇതിനിടെയാണ് ഭര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാന്‍ ശ്രമിച്ചത്.
ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം പോലുമായിട്ടില്ല. ജനുവരിയിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ആദ്യ മാസങ്ങളില്‍ ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കാന്‍ തുടങ്ങിയതോടെ ഇവരുടെ ദാമ്പത്യബന്ധം തകരാന്‍ തുടങ്ങി എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആദ്യത്തെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ 15 ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വന്നു. അത് രണ്ടാം വിവാഹത്തിലൂടെ ഈടാക്കുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം. വീട്ടുകാരോട് പണം തരാന്‍ ആവശ്യപ്പെടണമെന്ന് ഇയാള്‍ ഭാര്യയോട് പലപ്പോഴായി പറഞ്ഞു നോക്കി. അത് നടക്കാതെ വന്നപ്പോള്‍ ബോസിന് ഭാര്യയെ കാഴ്ചവയ്ക്കാം എന്ന തീരുമാനത്തിലേക്ക് ഇയാള്‍ എത്തുകയായിരുന്നു എന്ന് പൊലീസ്.
ഇയാള്‍ ഭാര്യയെ ശാരീരികമായി ഉപദ്രവിക്കുകയും മുത്തലാഖ് ചൊല്ലി വീടിനു പുറത്തേക്ക് തള്ളിയിടുകയും ചെയ്തു. ഇതോടെ യുവതി തൊട്ടടുത്തുള്ള സാംഭാജി നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. 2019 മുതല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാണ്. ഗാര്‍ഹീക പീഡനത്തിനും സ്ത്രീധനം ചോദിച്ച കുറ്റത്തിനും പുറമേ മുത്തലാഖ് കൂടി ചേര്‍ത്താണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.