TOPICS COVERED

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ അടി , ഇരുത്തി ചിന്തിച്ച് കൂട്ടിക്കിഴിച്ച് മാറ്റിയെഴുതിയ പ്ലാനുകള്‍.. മഹാരാഷ്ട്രയില്‍ മഹായുതി വീണ്ടും അധികാരത്തിലേറുമ്പോള്‍ അതൊരു പാഠപുസ്കമാണ്. പിളർന്ന് രണ്ടു മുന്നണികളിലായി നിലകൊണ്ട ശിവസേനയ്ക്കും എൻസിപിക്കും നിർണായകമായിരുന്ന തിരഞ്ഞെടുപ്പിൽ ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും കരുത്തറിയിച്ചിരിക്കുന്നു. ജനങ്ങള്‍ക്കുണ്ടായിരുന്ന എതിര്‍പ്പുകള്‍ മനസിലാക്കുകയും കൃത്യമായി തിരുത്തുകയും ചെയ്താല്‍ ജനം വീണ്ടും ചേര്‍ത്തുപിടിക്കുമെന്ന ഒന്നാംപാഠം. അത് മഹായുതിക്ക് സാധിക്കുക തന്നെ ചെയ്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികളുടെ പ്രഖ്യാപനം. ലഡ്കി ബഹൻ യോജനയാണ് ഇതില്‍ പ്രധാനം. വീണ്ടും അധികാരത്തിലെത്തിയാല്‍ 2,100 രൂപയായി ഇത് ഉയര്‍ത്തുമെന്നും അവര്‍ വാഗ്ദാനം നല്‍കി. ലഡ്ക ബാഹു യോജന, 44 ലക്ഷം കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമാക്കിയതെല്ലാം മഹായുതിയെ സഹായിച്ചു.

മുംബൈ തീരദേശപാതയും മുബൈ മെട്രോയുടെ വിപുലീകരണവും അടക്കം നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ചൂണ്ടിയും മഹായുതി വോട്ടുതേടി. ഇതിനെല്ലാം പുറമെയായിരുന്നു ആര്‍.എസ്.എസ്. നേരിട്ടിറങ്ങിയുള്ള പ്രചാരണം. ഭൂരിപക്ഷവോട്ടുകള്‍ ഭിന്നിച്ചുപോവാതിരിക്കാനുള്ള നീക്കങ്ങളെല്ലാം അവര്‍ നടത്തി.60,000-ത്തിലേറെ ചെറുയോഗങ്ങളാണ് ആര്‍.എസ്.എസ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. 

പിന്നാക്ക വിഭാഗങ്ങള്‍ നിര്‍ണായകമായ മേഖലയാണ് വടക്കന്‍ മഹാരാഷ്ട്ര. ഇവിടെയും മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്കായി.

രണ്ടു മുന്നണികളിലായിനിന്നിരുന്ന ആറുപാര്‍ട്ടികള്‍ തമ്മിലായിരുന്നു മഹാരാഷ്ട്രയിലെ മത്സരം. ഇതില്‍ രണ്ടുഭാഗത്തുമായി ഒരേ പ്രത്യയശാസ്ത്ര പാരമ്പര്യം പേറുന്ന നാലു പാര്‍ട്ടികള്‍. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ നാടകീയ സംഭവങ്ങളെത്തുടര്‍ന്നാണ് ശിവസേനയും എന്‍.സി.പിയും പിളര്‍ന്ന് നാലായി മാറിയത്. പിളര്‍ന്ന പാര്‍ട്ടികളില്‍ ജനങ്ങളുടെ അംഗീകാരമാര്‍ക്ക് എന്നുകൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ശിവസേന പിളര്‍ന്നപ്പോള്‍ ഔദ്യോഗിക പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത് ഷിന്‍ഡേ വിഭാഗത്തിനായിരുന്നു. സോണിയയോട് കലഹിച്ച് താനുണ്ടാക്കിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനന്തരവനും കൂടെപ്പോയവരും കൊണ്ടുപോവുന്നത് നിസ്സഹായതയോടെ ശരദ് പവാര്‍ നോക്കി നിന്നു. എങ്കിലും തങ്ങളാണ് യഥാര്‍ഥ ശിവസേനയും എന്‍.സി.പിയും എന്നായിരുന്നു താക്കറേയുടേയും പവാറിന്റേയും അവകാശവാദം. ഉദ്ധവ് താക്കറെയും ശരദ് പവാറും അവരുടെ തട്ടകങ്ങളില്‍ നേരിട്ടത് കനത്ത തിരിച്ചടി തന്നെയാണ്. മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, ബാലാസാഹെബ് തോറാട്ട് എന്നിവര്‍ക്കും കാലിടറി. ഇത്രയും വലിയ തോല്‍വി പ്രതിപക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാവില്ല.

പ്രതിപക്ഷം വളരെ ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഒരു അട്ടിമറി ഇനി ബി.ജെ.പി. കണക്കുകൂട്ടുന്നുണ്ടാവില്ല. അതേസമയം, ഫലത്തില്‍ നിരാശരായിരിക്കുന്ന മറുപകുതികളെക്കൂടെ തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ ബി.ജെ.പി.യോ എന്‍.സി.പിയോ ശിവസേനയോ ശ്രമിക്കുമോ എന്നതാണ് ബാക്കി നില്‍ക്കുന്ന ആകാംക്ഷ.

മുന്നണി മാറ്റത്തിനും പിളർപ്പുകൾക്കും ശേഷം രൂപംകൊണ്ട മഹാ വികാസ് അഘാഡിയും (ഇന്ത്യാ മുന്നണി) മഹായുതിയും (എൻഡിഎ) തമ്മിലുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മഹായുതി സഖ്യം കരുത്തുതെളിയിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലും ഇതിന്‍റെ പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണ്. ടിഡിപിയെയും ജെഡിയുവിനെയും ഒപ്പംകൂട്ടി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രഭരണം പിടിക്കാമെന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും പിന്തുണയുടെ ബലത്തിൽ അധികാരം നിലനിർത്തുന്ന നരേന്ദ്ര മോദി സർക്കാരിന് ഈ ജനവിധി ആശ്വാസം പകരും. കഴിഞ്ഞ തവണ നഷ്ടമായ മുഖ്യമന്ത്രിപദം ഇക്കുറി ദേവേന്ദ്ര ഫഡ്നാവിസിന് ലഭിക്കുമെന്ന് തന്നെയാണ് സൂചനകള്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി നില്‍ക്കുമ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെയോ അജിത് പവാറോ അവകാശവാദം ഉന്നയിച്ചേക്കില്ല. 

Maha Yuti back to power in Maharashtra: