വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബി.ജെ.പി സഖ്യം മുന്നില്‍. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള ഭരണകക്ഷി മഹായുതി സഖ്യം 58 ഇടങ്ങളില്‍ ലീഡ് ചെയ്യുന്നു. എൻസിപി നേതാവ് അജിത് പവാർ ബാരാമതിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിലും കോൺഗ്രസിന്‍റെ നാനാ പടോലെ സക്കോളിയിലും മുന്നിലാണ്. അതേസമയം ജാര്‍ഖണ്ഡില്‍ എന്‍ഡിഎ ഒന്‍പതിടത്ത് ലീഡ് ചെയ്യുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹത്തിലും മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി ധൻവാറിലും മുന്നിലാണ്. ജെഎംഎം സ്ഥാനാർത്ഥി കൽപന സോറന്‍ ഗന്ധേയിൽ ലീഡ് ചെയ്യുന്നു.
രണ്ടിടത്തും തപാൽ വോട്ടുകളാണ് എണ്ണുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ജാര്‍ഖണ്ഡില്‍ 81 സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും എക്സിറ്റ് പോളുകള്‍ ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നു. വോട്ടെണ്ണലില്‍ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 288 നിരീക്ഷകർ വോട്ടെണ്ണലിന് മേൽനോട്ടം വഹിക്കും. നാന്ദെഡ് പാർലമെന്‍റ് സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ജാർഖണ്ഡില്‍ സ്‌ട്രോങ് റൂമുകളില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലില്‍ ഉടനീളം വിഡിയോ മോണിറ്ററിങ് ഉണ്ടാകും.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’യ്ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റും. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി.പരമേശ്വര എന്നീ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപി ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കി കഴിഞ്ഞു. ഇരുസഖ്യങ്ങളിലും മുഖ്യമന്ത്രിപദത്തെച്ചൊല്ലിയും ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചില പേരുകള്‍ മുന്നോട്ട് വയ്ക്കുന്നണ്ടെങ്കിലും ഘടകക്ഷികള്‍ വിധി നിര്‍ണയിക്കുന്ന സ്ഥിതി വന്നാല്‍ അതെല്ലാം മാറിമറിയും.