മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണിക്ക് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ തുടങ്ങും. മഹാരാഷ്ട്രയില്‍ 288 സീറ്റിലും ജാര്‍ഖണ്ഡില്‍ 81 സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും എക്സിറ്റ് പോളുകള്‍ ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നു. എന്നാല്‍ ജാര്‍ഖണ്ഡ് നിലനിര്‍ത്താനും മഹാരാഷ്ട്ര പിടിച്ചെടുക്കാനും കഴിയുമെന്ന വിശ്വാസത്തിലാണ് ‘ഇന്ത്യ’ സഖ്യം.
റിസോര്‍ട്ടു മുതല്‍ ഹെലികോപ്റ്റര്‍ വരെ തയ്യാര്‍!
വാശിയേറിയ പോരാട്ടം കണ്ട മഹാരാഷ്ട്രയിൽ ഭരണപക്ഷമായ മഹായുതിയും പ്രതിപക്ഷത്തെ മഹാവികാസ് അഘാഡിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എക്സിറ്റ്പോളിലെ മുൻതൂക്കമാണ് ബിജെപിയും പ്രതീക്ഷ. ഉയർന്ന പോളിങ് നിരക്ക് കോൺഗ്രസ് മുന്നണിയെ ആശിപ്പിക്കുന്നു. ശിവസേനയും എൻസിപിയും പിളർന്നശേഷം നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പാണിത്. മുംബൈയിൽ മാത്രം 2700 കൗണ്ടിങ് ഉദ്യോഗസ്ഥരെയും പതിനായിരത്തിലധികം പൊലിസുകാരെയും വിന്യസിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ ‘ഓപ്പറേഷന്‍ താമര’യ്ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനനേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫലമറിഞ്ഞാലുടൻ എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റും. അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, ജി.പരമേശ്വര എന്നീ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസ് മാത്രമല്ല, ബിജെപി ഹെലികോപ്റ്ററുകൾ വരെ സജ്ജമാക്കി കഴിഞ്ഞു. ഇരുസഖ്യങ്ങളിലും മുഖ്യമന്ത്രിപദത്തെച്ചൊല്ലിയും ആശയക്കുഴപ്പമുണ്ട്. കോണ്‍ഗ്രസും ബിജെപിയും ചില പേരുകള്‍ മുന്നോട്ട് വയ്ക്കുന്നണ്ടെങ്കിലും ഘടകക്ഷികള്‍ വിധി നിര്‍ണയിക്കുന്ന സ്ഥിതി വന്നാല്‍ അതെല്ലാം മാറിമറിയും.
തുടര്‍ച്ചയ്ക്ക് സോറന്‍; തിരിച്ചുവരവിന് എന്‍ഡിഎ
ജാർഖണ്ഡിലെ ഉയര്‍ന്ന പോളിങ് ശതമാനം വിജയസൂചകമായി ഉയര്‍ത്തിക്കാട്ടുകയാണ് ജെഎംഎം-കോൺഗ്രസ് സഖ്യവും എൻ.ഡി.എ.യും. എക്സിറ്റ്പോളുകളില്‍ മേല്‍ക്കൈ എൻഡിഎക്കാണ്. കേവലഭൂരിപക്ഷത്തിന് 41 സീറ്റുകൾ വേണം. 51 സീറ്റ് കിട്ടുമെന്നാണ് എൻഡിഎ വിലയിരുത്തല്‍. എന്‍ഡിഎ അധികാരം പിടിച്ചാൽ ചംപയ് സോറന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ചേക്കും. 2019ൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയാണ് എൻഡിഎയുടെ സ്വപ്നം. കേന്ദ്ര സർക്കാരിന്‍റെ പദ്ധതികളും പ്രവര്‍ത്തനവുമാണ് പ്രചാരണത്തില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയത്.
ഇന്ത്യ സഖ്യം ജയിച്ചാല്‍ ഹേമന്ത് സോറന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി. ഇവിഎം ക്രമക്കേട് തടയാൽ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് ജെഎംഎമ്മും കോൺഗ്രസും നിര്‍ദേശിച്ചിട്ടുണ്ട്. സ്ട്രോങ്ങ് റൂമിൽ നിന്ന് ഇവി എമ്മുകൾ പുറത്തെടുക്കുന്നത് മുതൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ശക്തമായ നിരീക്ഷണം വേണം. ഇവിഎം ബാറ്ററി, വോട്ട് കണക്ക് തുടങ്ങിയവ സൂക്ഷ്മമായി പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾക്കായി പ്രത്യേക നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്. ALSO READ: ജനമനം ഇന്നറിയാം; ഉപതിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 8 മണി മുതല്‍...
കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 288 നിരീക്ഷകർ വോട്ടെണ്ണലിന് മേൽനോട്ടം വഹിക്കും. നാന്ദെഡ് പാർലമെന്‍റ് സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ജാർഖണ്ഡില്‍ സ്‌ട്രോങ് റൂമുകളില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലില്‍ ഉടനീളം വിഡിയോ മോണിറ്ററിങ് ഉണ്ടാകും.