മഹാരാഷ്ട്ര നിയമസഭയിലുണ്ടായിരുന്ന ഏക സീറ്റ് നിലനിര്‍ത്തി സിപിഎം. മഹാ വികാസ് അഘാഡിക്കൊപ്പം മത്സരിച്ച ദഹാനു മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വിനോദ് നികോലെ 5,133 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപി സ്ഥാനാര്‍ഥി മേദാ വിനോദ് സുരേഷിനെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് മണ്ഡലത്തില്‍ നിന്നും സിപിഎം വിജയിക്കുന്നത്.
Also Read: ‘പാലക്കാട് നിന്നും നിയമസഭയിലേക്ക് പായിച്ചു’; എസ്‌എഫ്ഐയുടെ ബാനറിന് മറുപടി
ആകെ പോള്‍ ചെയത വോട്ടില്‍ 47.21 ശതമാനം വോട്ട് നേടിയാണ് സിപിഎമ്മിന്‍റെ വിജയം. വിനോദ് നിക്കോലെ 1,04,702 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ഥിക്ക് 44.9 ശതമാനം വോട്ട് ( 99569 ) ലഭിച്ചു. മഹാരാഷ്ട്ര നവ നിര്‍മാണ സേന, ബിഎസ്പി, ബഹുജന്‍ വികാസ് അഘാഡി എന്നിവര്‍ മത്സരിച്ചിരുന്നു. പട്ടികജാതി സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സിപിഎം ജയിക്കുന്നത്.
കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ദഹാനുവില്‍ 1978,2009 2019 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സിപിഎം വിജയിച്ചു. 2019 ല്‍ ബിജെപിയില്‍ നിന്നാണ് സിപിഎം സീറ്റ് പിടിച്ചെടുത്തത്. 4742 വോട്ടിനായിരുന്നു വിജയം. കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുടെ പിന്തുണയോടെയായിരുന്നു 2019 ലെ മത്സരം. ബിജെപി സ്ഥാനാര്‍ഥി ധനാരെ പാസ്കൽ ജന്യയെയാണ് വിനോദ് നികോലെ തോല്‍പ്പിച്ചത്.
Also Read: മഹാരാഷ്ട്രയില്‍ ഭൂരിപക്ഷവും കടന്ന് മഹായുതി സഖ്യം; 216 സീറ്റുകളില്‍ ലീഡ്
2019 തില്‍ 43.45 ശതമാനമായിരുന്ന വോട്ട് ശതമാനം ഉയര്‍ത്താനും ഇത്തവണ സിപിഎമ്മിനായി. 2014 ല്‍ സിപിഎമ്മിനെ 16,700 വോട്ടിനാണ് ബിജെപി തോല്‍പ്പിച്ചത്. 49 കാരനായ വിനോദ് 2019 ലാണ് ആദ്യമായി മത്സരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക പ്രകാരം മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്ര എംഎല്‍എയാണ് അദ്ദേഹം. വീടോ കാറോ സ്വന്തമായില്ല.
അതേസമയം മണ്ഡലത്തിലെ ബഹുജന്‍ വികാസ് അഘാടി സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 2014 ല്‍ 5,165 വോട്ട് നേടിയ സുരേഷ് അര്‍ജന്‍ പദ്‍വിയാണ് ഇത്തവണ ബിജെപിയിലേക്ക് കൂടുമാറിയത്. ഇത്തവണ 1133 വോട്ടാണ് അദ്ദേഹം നേടിയത്.