അദാനി അഴിമതിയില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം. ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് പിരിഞ്ഞു. ഭരണഘടന ദിനമായ നാളെ സംയുക്ത സമ്മേളനം ചേരും. പ്രതിപക്ഷ നേതാവിനെ സംയുക്ത സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതില്‍ ഇന്ത്യ സഖ്യം സ്പീക്കറെ പ്രതിഷേധമറിയിച്ചു.
തിരഞ്ഞെടുപ്പുകളില്‍ ജനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടവരാണ് പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ പ്രക്ഷുബ്ധമാക്കുന്നത് എന്നായിരുന്നു ആദ്യ ദിനം പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്ന അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണവും നടപടിയും സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് എന്നായിരുന്നു പ്രതിപക്ഷ മറുപടി. ലോക്സഭയിലേക്ക് കടന്നുവന്ന മോദിയെ ഏക് ഹെ എന്ന മുദ്രാവാക്യത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. രാജ്യസഭയിലും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അദാനി അഴിമതിയില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടു. ഇരു സഭകളിലും പ്രതിഷേധം ശക്തമായതോടെ മരിച്ച അംഗങ്ങഴ്‍ക്കും മുന്‍ അംഗങ്ങള്‍ക്കും ആദരാജ്ഞലി അര്‍പ്പിച്ച് പിരിഞ്ഞു.
പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തിലാണ് നാളെ ഭരണഘടന ദിനാഘോഷം നടക്കുക. രാഷ്ട്രപതി ,ഉപരാഷ്ട്രപതി, സ്പീക്കർ, പ്രധാനമന്ത്രി എന്നിവരുള്ള വേദിയില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയതില്‍ ഇന്ത്യ സഖ്യം സ്പീക്കറെ പ്രതിഷേധം അറിയിച്ചു . വഖഫ് ജെപിസി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകി. അദാനി അഴിമതിയിൽ ചർച്ച ആവശ്യപ്പെട്ട് കെസി വേണുഗോപാൽ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നവര്‍ നോട്ടീസ് നല്‍കിയിരുന്നു. ചൂരൽമല - ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം നൽകാത്ത കേന്ദ്രസർക്കാർ നിലപാടില്‍ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, രാജ്മോഹൻ ഉണ്ണിത്താന്‍, അടൂർ പ്രകാശ് എന്നവര്‍ ചര്‍ച്ച ആവശ്യപ്പെട്ടിരുന്നു. മണിപ്പൂർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി