മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആര് എന്നതില്‍ ബിജെപി സഖ്യത്തില്‍ സസ്പെന്‍സ് തുടരുന്നു. അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‍നാവിസിനെ പിന്തുണച്ചത് ഏക്‌നാഥ് ഷിന്‍ഡ ക്യംപിന് തിരിച്ചടിയായി. അതേസമയം, തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പഠോളെ രാജി സന്നദ്ധത അറിയിച്ചു. പരാജയപ്പെട്ട എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിവിപാറ്റ് എണ്ണാന്‍ അപേക്ഷ നല്‍കും.
ബിജെപിക്ക് അധികാരം കിട്ടുന്ന ഇടത്തൊന്നും സത്യപ്രജ്ഞ നീട്ടുന്ന പതിവില്ല. എന്നാല്‍ മഹാരാഷ്ട്രയില്‍ സസ്‌പെന്‍സ് തുടരുകയാണ്. ദേവേന്ദ്ര ഫഡ്‍നാവിസ് തന്നെ മുഖ്യമന്ത്രി ആകട്ടെ എന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിന്. പാര്‍ട്ടിക്ക് വലിയ ഭൂരിപക്ഷം കിട്ടിയ സാഹചര്യത്തില്‍ അഞ്ചുവര്‍ഷവും ബിജെപി മുഖ്യമന്ത്രി വേണം എന്നാണ് നിലപാട്. അജിത് പവാറും ഫഡ്നാവിസിനുള്ള പിന്തുണ ബിജെപി ക്യാംപിനെ അറിയിച്ചു. ഇതോടെ രണ്ടര വര്‍ഷമെന്ന ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം പരിഗണിക്കപ്പെടാന്‍ ഇടയില്ല.
അമിത് ഷായുടെ സാന്നിധ്യത്തില്‍ ഫഡ്നാവിസ് അടക്കമുള്ള നേതാക്കളുടെ ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. മുബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സത്യപ്രജ്ഞയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി. നാളെ ഭരണഘടനാ ദിനം ആയതിനാല്‍ സത്യപ്രതിജ്ഞ മാറ്റാന്‍ നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. നാഗ്പുരിലെ വീടിന് മുന്നില്‍ ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബാനറുകള്‍ ഉയര്‍ന്നു. അതേസമയം, കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പഠോളെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സംസ്ഥാനത്ത് പരാജയപ്പെട്ട എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും വിവിപാറ്റ് എണ്ണാന്‍ അപേക്ഷ നല്‍കും. ഇതിനുള്ള നിര്‍ദേശം ഓരോ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി നല്‍കിയിട്ടുണ്ട്.