മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ഏക്നാഥ് ഷിന്‍ഡെ. ‘പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട് ഞാന്‍ തടസമാവില്ലെന്ന്. അദ്ദേഹം എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കും’ ഷിൻഡെ പറഞ്ഞു. ഈ കാര്യത്തെ തുടര്‍ന്ന് ആരും അസ്വസ്ഥരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ഇതോടെ ദേവേന്ദ്ര ഫഡ്‍നാവിസ് മുഖ്യമന്ത്രിയായി എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. ഡല്‍ഹിയിലെ അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപനം നാളെ ഉണ്ടായേക്കും. ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി വരാനാണ് സാധ്യത. കേന്ദ്രത്തില്‍ ക്യാബിനറ്റ് പദവിയും സംസ്ഥാനത്ത് പ്രധാനപ്പെട്ട വകുപ്പുകളും ലഭിക്കാനാനുള്ള ശിവസേനയുടെ നീക്കമായിട്ടാണ് ഇപ്പോളത്തെ ചര്‍ച്ചകളെ വിലയിരുത്തുന്നത്.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസിനു തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ ബിജെപി– ശിവസേന തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ആരെന്നതില്‍ പ്രഖ്യാപനം നീളുകയായിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി തങ്ങൾക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ഷിൻഡെ വിഭാഗം നേതാക്കൾ അവകാശപ്പെട്ടിരുന്നു.
ശിവസേനയ്ക്ക് ഏഴ് ലോക്സഭാ എം.പിമാര്‍ ഉള്ളതിനാല്‍ കരുതലോടെയാണ് ബിജെപി ക്യാംപിന്‍റെ നീക്കം. രണ്ടര വർഷത്തെ ആദ്യ ടേമിൽ മുഖ്യമന്ത്രി പദം എന്ന ആവശ്യമായിരുന്നു ശിവസേന മുന്നോട്ടുവച്ചിരുന്നത്. ഏക്നാഥ് ഷിൻഡെയുടെ പ്രതിച്ഛായയും വികസന പദ്ധതികളും വിജയത്തിൽ വലിയ ഘടകമായെന്ന വിലയിരുത്തലിലാണ് പാർട്ടി. 288 അംഗ നിയമസഭയിൽ ബിജെപിക്ക് 132 അംഗങ്ങളുണ്ട്. ഷിൻഡെ വിഭാഗത്തിന് 57, അജിത് പവാർ വിഭാഗത്തിന് 41 സീറ്റുമുണ്ട്.