മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണത്തെ ചൊല്ലി 11 ദിവസമായി നിലനിന്ന അനിശ്ചിതത്വത്തിന് വിരാമം. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. ഫഡ്നാവിസിനെ ബിജെപി നിയമസഭാ കക്ഷി യോഗം നേതാവായി തിരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരായ നിർമല സീതാരാമന്റെയും വിജയ് രൂപാണിയുടെയും സാന്നിധ്യത്തിൽ ആയിരുന്നു യോഗം. ഇത് മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നത്. വിട്ടുവീഴ്ചയ്ക്ക് തയാറായ ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരാകും എന്നാണ് സൂചന. നാളെ വൈകിട്ട് അഞ്ചുമണിക്ക് മുംബൈ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ.
നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പായി ആശിഷ് ഷേലർ ചുമതല വഹിക്കും. ഫഡ്നാവിസിന്റെ വസതിക്കുപുറത്ത് ബിജെപി പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.
ഇന്ന് ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അനുവാദം തേടും. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു. പിന്തുണച്ചതിന് ഏക്നാഥ് ഷിന്‍ഡെയ്ക്കും അജിത്പവാറിനും ഫഡ്നാവിസ് നന്ദി പറഞ്ഞു. സർക്കാർ മഹാരാഷ്ട്രയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നും ഫഡ്നാവിസ് പറഞ്ഞു.
ബിജെപിയുമായുള്ള ചർച്ചകളിൽ നിന്നു വിട്ടുനിന്ന് സമ്മർദം ചെലുത്തിയ കാവൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഔദ്യോഗിക വസതിയിൽ തിരിച്ചെത്തിയതിനു പിന്നാലെ ദേവേന്ദ്ര ഫഡ്നാവിസ് നേരിട്ടു കണ്ട് ചർച്ച നടത്തി . ആഭ്യന്തരത്തിനൊപ്പം ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പദവികൾ ഏറ്റെടുക്കില്ലെന്ന നിലപാടിലായിരുന്നു ഷിൻഡെ. ബിജെപി ആവശ്യങ്ങൾ അവഗണിച്ചതോടെയാണ് അദ്ദേഹം സത്താറയിലെ ജൻമഗ്രാമത്തിലേക്കു പോയത്. ഞായറാഴ്ച മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വസതിയിൽ വിശ്രമത്തിലായിരുന്നു.