വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി ലോക്സഭയില്‍ എത്തുമ്പോള്‍ അത് പുതിയൊരു ചരിത്രത്തുടക്കമാണ്. രാജ്യത്തിന്റെ ചരിത്രത്തോട് ഒപ്പം സഞ്ചരിച്ച നെഹ്റുകുടുംബത്തിനും അത് വൈകാരികനിമിഷം. നെഹ്രുകുടുംബത്തില്‍ നിന്ന് ജനവിധി തേടുന്ന  പതിനൊന്നാമത്തെ അംഗമാണ് പ്രിയങ്ക. ജവഹര്‍ലാല്‍ നെഹ്റുവില്‍ തുടങ്ങിയ ചരിത്രം, തലമുറകള്‍ കടന്ന് പ്രിയങ്കയില്‍ എത്തി നില്‍ക്കുന്നു. 

1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ എല്‍.ടി.ടി.ഇയുടെ ബോബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധിക്ക് ജീവന്‍ നഷ്ടമാവുന്നത്. പിതാവിന്റെ രക്തം ചിന്തിയ മണ്ണിൽ വർഷങ്ങള്‍ക്കു ശേഷം അമ്മ സോണിയ ഗാന്ധിയുടെ കൈപിടിച്ച് എത്തിയപ്പോഴാണ് പ്രിയങ്കയെ ആദ്യമായി ഒരു പൊതുപരിപാടിയില്‍ കാണുന്നത്. വയനാട്ടിൽ കന്നിയങ്കത്തിനിറങ്ങിയപ്പോള്‍, അന്ന് പ്രിയങ്കയുടെ ഇടംവലം സോണിയയും സഹോദരൻ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. 

1947ല്‍ ജനാധിപത്യ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു‌ തിരഞ്ഞെടുപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്നത് 1952 ലാണ്. മല്‍സരം രണ്ടു മണ്ഡലങ്ങളില്‍, അലഹബാദ് ഈസ്റ്റിലും, ജോൻപുർ വെസ്റ്റിലും ഇരു മണ്ഡലങ്ങളിലും തിളങ്ങുന്ന വിജയം. 1957ല്‍ റായ്ബറേലിയിൽനിന്ന് ഫിറോസ് ഗാന്ധിയും 1964ല്‍ ലക്നൌവിൽനിന്ന് സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും പാര്‍ലമെന്‍റിലെത്തി.

ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് നെഹ്റുവിന്റെയും ഭർത്താവ് ഫിറോസ് ഗാന്ധിയുടെയും മരണശേഷം. ആദ്യഅങ്കം 1967-ൽ റായ്ബറേലിയിൽ. ആ റായ്ബറേലി ഇന്നും നെഹ്റു കുടുംബത്തിന്റെ ഉരുക്ക്കോട്ടയാണ്. കുടുംബത്തിലെ നാലാമത്തെ പാർലമെന്‍റ് അംഗമായിരുന്നു ഇന്ദിര.

ഇന്ദിരാഗാന്ധിക്ക് റായ്ബറേലിയിൽ രണ്ടു തവണ തുടർച്ചയായ വിജയം. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലെ തിരഞ്ഞെടുപ്പില്‍ രാജ് നാരായണനോട് പരാജയം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിൽ ഒന്ന്. ഉറച്ചകോട്ടയില്‍ അടിപതറിയത് ഇന്ദിരയെ ഇരുത്തി ചിന്തിപ്പിച്ചു. 1980ല്‍ റായ്ബറേലിക്കൊപ്പം ആന്ധ്രാ പ്രദേശിലെ മേഡക്കിലും ഇന്ദിര മല്‍സരിച്ചു. രണ്ടിടത്തും ഉജ്വലവിജയം. ഇന്ദിര  നിലനിര്‍ത്തിയത് മേഡക്ക്. നെഹ്റു കുടുംബാംഗം ദക്ഷിണേന്ത്യയില്‍ നേടുന്ന ആദ്യവിജയം.

1977ൽ ഇന്ദിരഗാന്ധിക്കൊപ്പം മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റു. പിന്നീട് മകന്‍ ഭാഗ്യപരീക്ഷണം നടത്തിയത് യു.പിയിലെ അമേഠിയില്‍.  1980-ൽ റായ് ബറേലിയിൽനിന്ന് ഇന്ദിര ജയിക്കുമ്പോൾ അമേഠിയിൽനിന്ന് സഞ്ജയ് ഗാന്ധിയുമുണ്ടായിരുന്നു. പക്ഷേ അതേ വർഷം സഞ്ജയ് വിമാനാപകടത്തിൽ മരണപ്പെട്ടു.

സഞ്ജയ് ഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധി മത്സരിക്കാൻ തിരഞ്ഞെടുത്തത് സഹോദരൻ മല്‍സരിച്ച അമേഠി തന്നെയായിരുന്നു. 1981 മുതൽ നാല് തിരഞ്ഞെടുപ്പുകളിൽ അമേഠി രാജീവിനൊപ്പം നിന്നു. 1991ല്‍ അമേഠിയില്‍ വോട്ടെടുപ്പു നടന്ന മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. വോട്ടെണ്ണിയപ്പോള്‍ രാജീവ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. 

സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനകാ ഗാന്ധിയാണ് നെഹ്റു കുടുംബത്തില്‍ നിന്നുള്ള അടുത്ത പാര്‍ലമെന്‍റംഗം. സഞ്ജയ് ഗാന്ധിയുടെ മരണശേഷം നെഹ്റുകുടുംബത്തില്‍ നിന്നകന്ന മേനക 1984 മുതല്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. ബി.ജെ.പിയില്‍ ചേര്‍ന്ന മേനക കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻപൂരിൽ തോറ്റു. മേനക ഗാന്ധി ഓൺലയിലും സുൽത്താൻപൂരിലും മത്സരിച്ചപ്പോൾ മകൻ വരുൺ ഗാന്ധി ജനവിധി തേടിയത് പിലിബിത്തിൽ നിന്ന്. പിന്നീട്  ഇരുവരും പിലിബിത്തും സുൽത്താൻപൂരും മാറിമാറി പരീക്ഷിച്ചു. 2019-ൽ പിലിബിത്തിൽനിന്നാണ് വരുണിന്റെ അവസാന ജയം.

രാജീവ് ഗാന്ധിയുടെ വേര്‍പാടിനെ തുടര്‍ന്ന് രാഷ്ട്രീയത്തില് നിന്ന് തീര്‍ത്തും അകലം പാലിച്ച സോണിയ ഗാന്ധി ഒടുവില്‍ നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കോണ്ഗ്രസ് തലപ്പത്തെത്തി. 1999ൽ അമേഠിയിൽ മത്സരിച്ചു ജയിച്ച സോണിയ പിന്നീട് തട്ടകം റായ്ബറേലിയിലേയ്ക്ക് മാറ്റി. അഞ്ചു തവണ സോണിയ റായ്ബറേലിയെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു. ഇപ്പോള്‍ തെലങ്കാനയില് നിന്നുള്ള രാജ്യസഭാംഗം. 

അന്നുതന്നെ രാഹുൽ അമേഠിയിൽ നിലയുറപ്പിച്ചു. 2004, 2009, 2014 തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ അമേഠിയുടെ അമരക്കാരനായി. പക്ഷേ മോദി തരംഗം ആഞ്ഞടിച്ച 2019ല്‍ രാഹുല് അമേഠിയില്‍ അപകടം മണത്തു. അമേഠിയില്‍ മല്സരിച്ച രാഹുല്‍ വിജയം ഉറപ്പാക്കാന്‍ വയനാട്ടിലും പത്രിക നല്കി. അമേഠിയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ച സ്മൃതി ഇറാനിക്കുമുന്നില്‍ രാഹുലിന് അടിപതറി. പക്ഷേ വയനാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുലിനെ പാര്‍ലമെന്‍റിലെത്തിച്ചു.

ദക്ഷിണേന്ത്യയിലേക്ക് ഒളിച്ചോടിയെന്ന് ബി.ജെ.പി ആരോപിച്ചതോടെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ചു. അമേഠി ഒഴിവാക്കി രാഹുല്‍ അമ്മയുടെ മണ്ഡലമായ റായ്ബറേലിയിലും വയനാട്ടിലും പത്രിക നല്‍കി. രണ്ടിടത്തും വിജയിച്ചെങ്കിലും ഹിന്ദി ബെൽറ്റിന്റെ പ്രധാന്യം കണക്കിലെടുത്ത് റായ്ബറേലി നിലനിര്‍ത്തി.

പ്രതിസന്ധിയില്‍ കൈത്താങ്ങായ വയനാടിനെ കൈവിടില്ലെന്ന് രാജിസമയത്തു തന്നെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. പ്രിയങ്ക പിന്‍ഗാമിയാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ നെഹ്റു കുടുംബത്തിലെ പതിനൊന്നാമത്തെ പാര്‍ലമെന്‍റംഗമായി വയനാട്ടില്‍ നിന്ന് നാലുലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രിയങ്ക എത്തുന്നു. പ്രിയങ്കയുടെ ജയത്തോടെ, നെഹ്റു കുടുംബത്തിലെ മൂന്നുപേര്‍ ഒരേസമയം സഭയിലെത്തുന്നു എന്ന അപൂര്‍വതയും തുറന്നിടുന്നു. 

ENGLISH SUMMARY:

The legacy of Nehru family in indian politics as Priyanka Gandhi enters parliament