സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കേണ്ടതിനാൽ പാർലമെന്‍റ് നാളെ സമ്മേളിക്കും. സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് ധാരണ. ഇന്ന് പാർലമെൻ്റിന് പുറത്ത് ഭരണ- പ്രതിപക്ഷ പോർവിളി, നാടകീയ രംഗങ്ങൾ. ഉന്തിലും തള്ളിലും മൂന്ന് ബിജെപി അംഗങ്ങൾക്ക് പരുക്കേറ്റു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ പിടിച്ചു തള്ളിയെന്ന് സാരംഗി.
ഭരണപക്ഷം ബോധപൂർവം പ്രകോപനം സൃഷ്ടിച്ചെന്ന് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയടക്കം വനിത അംഗങ്ങളും ഉന്തിലും തള്ളിലും പെട്ടു. മല്ലികാർജുൻ ഖർഗെയെ ബിജെപി അംഗങ്ങൾ പിടിച്ച് തള്ളിയെന്ന് കോൺഗ്രസ്. പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് കവാടത്തിലെ മതിലിന് മുകളിൽ കയറി പ്രതിഷേധിച്ചു.
അംബേദ്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. നീല വസ്ത്രങ്ങളണിഞ്ഞ് അംബേദ്കർ പ്രതിമയിൽ നിന്ന് പാർലമെൻറിലേക്ക് മാർച്ച് ചെയ്തു. അംബേദ്കറെ അപമാനിച്ച രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും രാജി വയ്ക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അംഗങ്ങൾ പൊലീസിൽ പരാതി നൽകിയേക്കും.