hema-committe-high-court-2

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നൽകാമെന്ന് ഹൈക്കോടതി. പരാതിയുള്ളവർക്ക് നോഡൽ ഓഫീസറെയും സമീപിക്കാം. പരാതി നൽകിയവരെ സംഘടനകളിൽ നിന്ന് പുറത്താക്കുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ വ്യക്തമാക്കി

 

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്ക് ഭീഷണി ഉണ്ടെങ്കിൽ അവർക്ക് സമീപിക്കാനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫീസറുടെ അധികാരപരിധി വർധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ. പരാതികൾ ഇനി മുതൽ നോഡൽ ഓഫീസർക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ശേഷം മൊഴി നൽകാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടു എന്ന് രഞ്ജിനി വ്യക്തമാക്കി. നേരത്തെ മൊഴി നൽകിയപ്പോൾ വ്യക്തിഗത വിവരങ്ങൾ പുറത്തു വന്നിരുന്നില്ലെന്നും, എന്നാൽ സുപ്രീം കോടതിയിൽ പോയപ്പോൾ ഈ വിവരങ്ങൾ പുറത്തുവന്നതുകൊണ്ടായിരിക്കാം മൊഴി നൽകാൻ വിളിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. പരാതി നല്‍കിയവരെ അവര്‍ ഉള്‍പ്പെട്ട സംഘടനകളില്‍ നിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകൾ അറിയിച്ചു. പുറത്താക്കാന്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

Hema committee report high court extends the jurisdiction of the nodal officer