കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഇന്ന് നൂറാം വയസിലേക്ക്. വിവിധ കമ്യൂണിസ്റ്റ് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പാര്‍ട്ടി ഒട്ടേറെ വെല്ലുവിളികളും പിളര്‍പ്പും അതിജീവിച്ചാണ് ശദാബ്ദിയിലേക്ക് ചുവടുവയ്ക്കുന്നത്. നൂറിന്‍റെ തിളക്കത്തിലും പാര്‍ട്ടി പോരാട്ടത്തിലാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ സ്വാതന്ത്യ ദാഹവുമായി പ്രവര്‍ത്തിച്ച ചെറു കമ്യൂണിസ്റ്റ് സംഘങ്ങള്‍ 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ സമ്മേളിച്ചു. ഒരേ ലക്ഷ്യങ്ങള്‍ക്കായി ഒന്നിക്കാന്‍ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഉദയംകൊണ്ടു. തൊഴിലാളി വര്‍ഗ വിമോചനമത്തോടെയുള്ള സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രസ്ഥാനം ഇന്ന് വിപ്ലവ ശോഭയുടെ ശതാബ്ദിയിലേക്ക്.
1920ല്‍ താഷ്കന്‍റിലാണ് സി.പി.ഐ രൂപീകരിച്ചതെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പിളര്‍പ്പിനുശേഷമാണ് പിറവിയെചൊല്ലിയുള്ള തര്‍ക്കം. പൂര്‍ണസ്വരാജിനായി ആദ്യം വാദിച്ച പാര്‍ട്ടി ക്വിറ്റ് ഇന്ത്യ സമരത്തെ പിന്തുണയ്ക്കാത്തതും ചരിത്രം. മുപ്പതുകളുടെ അവസാനം തൊഴിലാളികളെ സംഘടിപ്പിച്ച് കേരളത്തിലും ദക്ഷിണേന്ത്യയിലും ബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പാര്‍ട്ടി വളര്‍ന്നു. ആദ്യലോക്സഭയില്‍ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായി.
1957ല്‍ കേരളത്തില്‍ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി ഇ.എം,എസ് അധികാരമേറ്റു. 1964ലെ പിളര്‍പ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ മുറിവായി. അടിയന്തരവാസ്ഥയെ പിന്തുണച്ചത് പിഴവും. പോരാട്ടത്തിന്‍റെ ചരിത്രം നൂറിലെത്തുമ്പോള്‍ സി.പി.ഐക്ക് ദേശിയ പാര്‍ട്ടിയെന്ന പദവിയില്ല.
മതനിരപേക്ഷതയായിരുന്നു എല്ലാഘട്ടത്തിലും പാര്‍ട്ടിയുടെ കൈമുതല്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണത്തിനും വിശാല ഇടതുപക്ഷ ഐക്യത്തിനുമുള്ള ആഹ്വാനം സഫലമായില്ല. എങ്കിലും രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിലനില്‍പ്പിനായി പോരാടുന്ന കാലത്ത് നൂറ്റാണ്ടിന്‍റെ ചരിത്രം സിപിഐക്ക് വഴികാട്ടുന്നു.