PTI12_26_2024_000488A

സൗമ്യതയും വിനയവുമായിരുന്നു മൻമോഹൻ സിങ്ങിന്‍റെ മുഖമുദ്ര. അത് പിന്നിട്ട ജീവിത പാതയുടെയും ലാളിത്യമായിരുന്നു. അവിഭക്ത ഇന്ത്യയിലെ ഗ്രാമത്തിൽനിന്ന് പ്രധാനമന്ത്രി പദംവരെയെത്തിയ ജൈത്രയാത്ര അസാമാന്യമായ കഠിനപ്രയത്നത്തിന്‍റേതുകൂടിയാണ്.  മൻമോഹൻ എന്നും എപ്പോഴും  അക്ഷോഭ്യനായിരുന്നു.  വാക്കുകളില്ല, പ്രവർത്തിയിലായിരുന്നു ശ്രദ്ധ.  വിജ്ഞാനത്തിനൊപ്പം വിനയവും ലാളിത്യവുമായിരുന്നു കൈമുതൽ.  ആ ജീവിതം നാമ്പിട്ടതുമുതലുള്ള പാഠങ്ങളായിരുന്നു, നിശബ്ദമെങ്കിലും മൻമോഹന്‍റെ കരുത്ത്. 

 

നിലവിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാൾ ജില്ലയിലെ ഗാഹ് ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26 നായിരുന്നു മൻമോഹൻ സിങ്ങിന്‍റെ ജനനം. പിതാവ് ഗുർമുഖ് സിങ് ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു.  ഗാഹിലെ സ്കൂളിലായിരുന്നു മൻമോഹന്‍റെ  പ്രാഥമിക വിദ്യാഭ്യാസം.  സ്വാതന്ത്ര്യാനന്തരം കുടുംബം അമൃത്സറിലേക്ക് കുടിയേറി. 

പഞ്ചാബ് സർവകലാശാലയിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദവും ബിരുദാന്തര ബിരുദവും  ഒന്നാം റാങ്കോടെ പാസായി, കേംബ്രിജ്, ഓക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനം. പഞ്ചാബ്, ഡൽഹി സർവകലാശാലകളിൽ അധ്യാപകനുമായി.

Also Read: മനുഷ്യപക്ഷംചേര്‍ന്ന് തൊഴിലുറപ്പ്; ഇടതുവെല്ലുവിളി മറികടന്ന ആസിയാന്‍; മന്‍മോഹന്‍റെ ധീരമായ തീരുമാനങ്ങള്‍

3 വർഷം ഐക്യ രാഷ്ട്ര സഭയുടെ ഭാഗമായി സേവനമനുഷ്ഠിച്ചു. 1972ൽ ധനവകുപ്പിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1982ൽ റിസർവ് ബാങ്ക് ഗവർണർ, 85ൽ രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടർ, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. 

ലോകം വലിയ സാമ്പത്തിക വെല്ലുവിളി നേരിട്ട മാന്ദ്യത്തിന്‍റെ കാലത്ത്, 91ൽ  നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായി മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചു.  ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്‍റെ ഉപജ്‌ഞാതാവായി മൻമോഹൻ.  തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആ പരിഷ്കരണങ്ങൾ താങ്ങായി, വളർച്ചയിലേക്കുള്ള പാതയായി. മൻമോഹന് പ്രധാനമന്തി പദത്തിലേക്കും. 

ആരോഗ്യം തളർന്നിട്ടും മൻമോഹൻ സിങ്  കർമ്മ നിരതനായിരുന്നു. അവശതയിലും ചക്രകസേരയിൽ രാജ്യസഭയിലെത്തി നിലപാടിന്റെ വോട്ടു ചെയ്തു മൻമോഹൻ. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷത്തെ സേവനത്തിനുശേഷം രാജ്യസഭയിൽനിന്ന് വിരമിച്ചത്. സമ്പത്ത് വ്യവസ്ഥയ്ക്ക് ജീവശ്വാസം നൽകിയ ദീർഘ വീക്ഷണത്തിന് എന്നും ഇന്ത്യ മൻമോഹനോട് കടപ്പെട്ടിരിക്കുന്നു. 

ENGLISH SUMMARY:

The journey of Manmohan Singh to the position of Prime Minister is a remarkable tale of triumph and accomplishment.