ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന്, നോട്ടിഫിക്കേഷന്‍ ജനുവരി 10ന്. 70 മണ്ഡലങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നിലവില്‍ ആം ആദ്മി പാർട്ടി - 62, ബിജെപി - 8. ഉം സീറ്റാണുള്ളത്. കോൺഗ്രസിന് സീറ്റില്ല. നിയമസഭയുടെ കാലാവധി ഫെബ്രുവരി 15നാണ് അവസാനിക്കുക.
അതേസമയം, തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചില ആശങ്കകള്‍ ഉയരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ അത് കണ്ടു, വോട്ടര്‍പട്ടികയിലും പരാതി ഉയരുന്നു. വോട്ടിങ് മെഷീനില്‍ ഉള്‍പ്പെടെ ക്രമക്കേട് പ്രായോഗികമല്ല. എല്ലാ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കമ്മിഷന് ഉത്തരമുണ്ട്. ആരോപണങ്ങള്‍ വേദനിപ്പിച്ചെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നുണ്ടെങ്കില്‍ അത് നോട്ടീസ് നല്‍കിയശേഷമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. മറുപടിക്ക് അവസരം നല്‍കാതെ ആരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കില്ല. പട്ടികയില്‍ ചേര്‍ക്കുന്നതും സമാനമായ വിവരശേഖരണം നടത്തിയാണ് . എല്ലാ വിവരവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രീതിയിലുള്ള ക്രമക്കേടും വോട്ടിങ് മെഷീനില്‍ നടക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. വോട്ടിങ് മെഷീനിന്‍റെ എല്ലാ പ്രക്രിയകളും പാര്‍ട്ടി ഏജന്‍റുമാരെ ബോധ്യപ്പെടുത്താറുണ്ട്. വൈറസ് കടത്തിവിട്ടോ, മറ്റ് ഇടപെടല്‍ കൊണ്ടോ ഫലം തിരുത്താനാകില്ല. വിവിധ സമയങ്ങളില്‍ വിവിധതലത്തിലുള്ള നീരീക്ഷണമുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ സ്ഥാനാര്‍ഥിക്ക് ഫോം 17C നല്‍കാറുണ്ട്. ഏത് ബൂത്തില്‍ എത്ര വോട്ട് രേഖപ്പെടുത്തിയെന്ന് അതിലുണ്ട്. ഈ കണക്ക് വോട്ടെണ്ണല്‍ ദിവസവും വിവിധതലങ്ങളില്‍ പരിശോധിക്കുന്നു. ഒരിടത്തുപോലും ഈ കണക്കില്‍ തിരുത്ത് വരുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.
മൂന്നാം തവണയും അധികാരത്തിലെത്താന്‍ ആം ആദ്മി പാര്‍ട്ടിയും തിരിച്ചുവരവിന് ശ്രമിക്കുന്ന കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മല്‍സരം. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ആം ആദ്മി ആരോപിച്ചു. തുടര്‍ഭരണം ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടിയും ഒറ്റയ്ക്ക് മല്‍സരിച്ച് വിജയിക്കാന്‍ കോണ്‍ഗ്രസും അട്ടിമറിക്ക് ബി.ജെ.പിയും കച്ചക്കെട്ടിയിരിക്കുന്നു. ആകെ 70 സീറ്റുകള്‍. ഒരുകോടി 55 ലക്ഷം വോട്ടർമാര്‍.ദിവസങ്ങള്‍ക്കുമുമ്പുതന്നെ ആം ആദ്മി പാർട്ടി മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓരോ ദിവസവും പുതിയ പദ്ധതികളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നു. മദ്യനയ അഴിമതി കേസില്‍ ജാമ്യത്തിലിറങ്ങിയ കേജ്രിവാളിനിത് നിലനില്‍പ്പിന്‍റെ ശക്തി തെളിയിക്കാനുള്ള പോരാട്ടം കൂടിയാണ്. മുഖ്യമന്ത്രി മാറ്റവും സൗജന്യവാഗ്്ദാനങ്ങളും ഗുണം ചെയ്യുമെന്നാണ് ആപ്പിന്‍റെ പ്രതീക്ഷ.
ഇന്ത്യ സഖ്യമില്ലാതെ ഒറ്റയ്ക്കാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. ഹരിയാനയിലെയും മഹാരാഷ്ട്രയിലും തോല്‍വിയുടെ ക്ഷീണം മാറ്റുന്ന തിരിച്ചുവരവാണ് ലക്ഷ്യം. ലോക്സഭാ, സംസ്ഥാന തിരഞ്ഞെടുപ്പ് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എഎപിക്കെതിരെ അഴിമതിയും തലസ്ഥാനത്തെ കെടുകാര്യസ്ഥതയുമാണ് ഇരുകക്ഷികളുടെയും ആയുധം. അതിഷിയ്ക്കെതിരെ ബി.ജെ.പി നേതാവ് രമേഷ് ബിദുഡിയുടെ വിവാദ പ്രസ്താവന ഇന്നും തുടര്‍ന്നു.