കോൺഗ്രസ് മത്സരിച്ച ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ, ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് ആശയക്കുഴപ്പം. സ്റ്റാലിനുമായും ഹൈക്കമാൻഡുമായും ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കും എന്നാണ് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ സെൽവ പെരുന്തകയുടെ പ്രതികരണം. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്ന അണ്ണ ഡിഎംകെ ഇത്തവണയും മത്സരിച്ചേക്കില്ലെന്നാണ് സൂചന.
ഒരു നിയമസഭ കാലയളവിൽ രണ്ടാം തവണയാണ് ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. അതും മകന്‍റെയും അച്ഛന്‍റെയും മരണത്തിന് പിന്നാലെ. 2021ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിൽ കോൺഗ്രസിനു വേണ്ടി മത്സരിച്ച തിരുമകൻ എവേര വിജയിച്ചിരുന്നു അദ്ദേഹത്തിന്റെ മരണശേഷം 2023 ഫെബ്രുവരി 27ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.വി.കെ.എസ്.ഇളങ്കോവൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ഇളങ്കോവനും മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിക്കുമോ അതോ ഡിഎംകെയക് സീറ്റ് തിരികെ നൽകുമോ എന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കും എന്നാണ് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തകെ പ്രതികരിച്ചത്. ഇ.വി.കെ.എസിന്റെ മറ്റൊരു മകനായ സഞ്ജയ് സമ്പത്തിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ശ്രമം തുടരുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡിഎംകെ തന്നെ മത്സരിക്കണമെന്ന് മണ്ഡലത്തിലെ അണികൾ ആവശ്യം ഉന്നയിച്ചതായും സൂചനകളുണ്ട്. അതേ സമയം, കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വിട്ടു നിന്ന അണ്ണാ ഡിഎംകെ ഇത്തവണയും മൽസരിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സ്ഥാനാർഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.
വിജയ് യുടെ പാർട്ടി ടിവികേയും മത്സരിക്കാൻ സാധ്യതയില്ല.