yoggy-rally

TOPICS COVERED

ആംആദ്മിയെയും അരവിന്ദ് കേജ്‌രിവാളിനെയും കടന്നാക്രമിച്ച് ഡല്‍ഹിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് റാലി. കേജ്‌രിവാള്‍ രാജ്യത്തെയും ജനങ്ങളെയും വഞ്ചിക്കുകയാണെന്നും ഡല്‍ഹിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും യോഗി കുറ്റപ്പെടുത്തി. അതേസമയം,യു.പിയിലെ വിദ്യാഭ്യാസ രംഗം തകര്‍ന്നിരിക്കുകയാണെന്ന് കേജ്‍രിവാള്‍ തിരിച്ചടിച്ചു. 

ഡല്‍ഹിയിലെ ബി.ജെ.പി. പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു യോഗി ആദിത്യനാഥിന്‍റെ ആദ്യ തിരഞ്ഞെടുപ്പ് റാലി. കിരാരി മണ്ഡലത്തിലെ റാലിയില്‍ എ.എ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗി ഉന്നയിച്ചത്. ബംഗ്ലദേശികളെയും റോഹിന്‍ഗ്യകളെയും അനധികൃതമായി പാര്‍പ്പിച്ച് വോട്ടുണ്ടാക്കാനാണ് ശ്രമം. ഡല്‍ഹി കലാപത്തില്‍ എ.എ.പി നേതാവിന്‍റെ പങ്ക് പുറത്തുവന്നതാണ്. രാജ്യസുരക്ഷ കയ്യില്‍വച്ചാണ് എ.എ.പി കളിക്കുന്നതെന്നും യോഗി വിമര്‍ശിച്ചു. ഡല്‍ഹിയെ സര്‍ക്കാര്‍ മാലിന്യക്കൂമ്പാരമാക്കി. താനും യു.പി. മന്ത്രിസഭാംഗങ്ങളും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചു. യമുനയില്‍ അതുപോലെ മുങ്ങാന്‍ കേജ്‌രിവാളിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളി.

യു.പിയിലെ വിദ്യാഭ്യാസ മേഖല തകര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്‍റെ മറുപടി. സര്‍ക്കാര്‍ സ്കൂളുകള്‍ എങ്ങനെ നന്നാക്കാമെന്ന് പഠിപ്പിക്കാന്‍ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രിയെ യു.പിയിലേക്ക് അയക്കാമെന്നും പരിഹാസം. ഇന്നലെ കിരാരിയിലും കരോള്‍ബാഗിലുമായിരുന്നു യോഗിയുടെ റാലികള്‍. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.

Uttar Pradesh Chief Minister Yogi Adityanath's first election rally in Delhi targeted the Aam Aadmi Party and Arvind Kejriwal with sharp criticism.: