ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിന് പ്രതിരോധം തീര്‍ക്കാന്‍ ഉത്സവങ്ങളും പൊതുപരിപാടികളും പ്രയോജനപ്പെടുത്തണമെന്ന് സിപിഎം കരട് രാഷ്ട്രീയ പ്രമേയം. കേരളത്തിൽ ബിജെപിയെ രാഷ്ട്രീയമായും ആശയപരമായും ചെറുക്കുന്നതിലെ പോരായ്മ കാരണം സിപിഎമ്മിനു ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി. ഈ സ്ഥിതി മറികടക്കണമെന്ന് സിപിഎം 24–ാം പാർട്ടി കോൺഗ്രസിനായുള്ള പ്രമേയം നിര്‍ദേശിക്കുന്നു.
ധാരണകളുടെയും സഖ്യത്തിന്‍റെയും പേരിൽ സിപിഎമ്മിന്‍റെ സ്വതന്ത്ര വ്യക്തിത്വത്തിന് ക്ഷതമുണ്ടാകരുത്. പാര്‍ട്ടിയെ ശക്തിപ്പെടുന്നതിലും വിട്ടുവീഴ്ച പാടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിശാല മതനിരപേക്ഷ ഐക്യത്തിനായി ശ്രമിച്ചതുമൂലം ഇടത് ഐക്യം മെച്ചപ്പെടുത്താൻ സാധിച്ചില്ല. ദേശീയമായി ഇടത് ജനാധിപത്യ ബദൽ രൂപീകരിക്കണമെന്നും രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നു. അതിനായി ഏഴിന പരിപാടിയും മുന്നോട്ടുവച്ചു.
പ്രതിപക്ഷത്തെ പ്രധാന കക്ഷിയായ കോൺഗ്രസിന് ബിജെപിക്കെതിരായ പോരാട്ടത്തിലും മതനിരപേക്ഷ ശക്തികളുടെ ഐക്യത്തിലും മുഖ്യ പങ്കു വഹിക്കാനുണ്ട്. എന്നാൽ, ബിജെപിയുടെ അതേ വർഗതാൽപര്യമാണ് കോൺഗ്രസിനുള്ളതെന്നാണ് പ്രമേയത്തിലെ വിമര്‍ശനം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കാൻ സിപിഎമ്മിനാവില്ലെന്നും സഹകരണമാകാമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടി അടക്കമുള്ള പ്രാദേശിക പാർട്ടികൾ മതനിരപേക്ഷ സഖ്യത്തിൽ പ്രധാന പങ്കുവഹിച്ചെന്നാണ് പ്രമേയത്തിലെ വിലയിരുത്തൽ.
ജനുവരി 17 മുതൽ 19 വരെ കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയമാണ് പാർട്ടി പരസ്യപ്പെടുത്തിയത്. മാർച്ച് 22നും 23നും ചേരുന്ന സി.സി ഭേദഗതി നിർദേശങ്ങള്‍ പരിഗണിച്ച് റിപ്പോർട്ട് തയാറാക്കും. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെയാണ് സിപിഎം പാർട്ടി കോൺഗ്രസ്.