മോദി സർക്കാരിനെ ഫാസിസ്റ്റ് സർക്കാർ എന്ന് വിളിക്കാൻ ആവില്ലെന്ന് വ്യക്തത വരുത്തി സിപിഎം രേഖ. നവ ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടെങ്കിലും സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാൻ ആവില്ല എന്നാണ് സംസ്ഥാന ഘടകങ്ങൾക്ക് അയച്ച രേഖയിൽ വിശദീകരിക്കുന്നത്. ആർഎസ്എസിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്ന സർക്കാരാണ് മോദിയുടെ എന്നായിരുന്നു പഴയ നിലപാട്. രേഖയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു
ഹിന്ദുത്വ അജണ്ടയുള്ള ബിജെപി ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരിന് നവ ഫാസിസ്റ്റ് പ്രവണതകൾ ഉണ്ടെന്നും എന്നാൽ ഫാസിസ്റ്റ് സർക്കാർ എന്നോ നവ ഫാസിസ്റ്റ് സർക്കാർ എന്നോ വിളിക്കാൻ ആവില്ലെന്നും ആയിരുന്നു പാർട്ടി പരസ്യമായി പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ നിലപാട്. ഇത് വിവിധ സംസ്ഥാന ഘടകങ്ങൾ ചർച്ച ചെയ്തപ്പോൾ മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലേ എന്ന സംശയം ഉയർത്തിയതാണ് വ്യക്തത വരുത്തി പുതിയ രേഖ നൽകാൻ ഇടയാക്കിയത്. രാഷ്ട്രീയ പ്രമേയം പരസ്യമാക്കിയാൽ അതിൽമേൽ വിശദീകരിച്ച് പ്രത്യേകം രേഖ നൽകുന്നത് അപൂർവ്വമാണ്.
കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് രാഷ്ട്രീയ പ്രമേയത്തിൽ ആർഎസ്എസിന്റെ ഫാസിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് മോദി സർക്കാർ എന്ന് പറഞ്ഞിരുന്നു. എന്നാൽ ഹിറ്റ്ലറുടെയോ മുസോളിനിയുടെയോ കാലത്തെപ്പോലെ ഒരു ഫാസിസ്റ്റ് സർക്കാർ എന്ന് മോദി സർക്കാരിനെ വിളിക്കാൻ ആവില്ല എന്നാണ് സിപിഎമ്മിന്റെ പുതിയ വിശദീകരണം. നവ ഫാസിസ്റ്റ് പ്രവണതകൾ മാത്രമാണ് ഉള്ളതെന്ന് പറഞ്ഞാണ് സമീപനത്തെ ലഘൂകരിക്കുന്നത്.
ഫാസിസത്തെ ക്ലാസിക്കൽ ഫാസിസം ഒന്നും നവ ഫാസിസം എന്നും വിളിക്കാമെന്നു യഥാർത്ഥ ഫാസിസം ക്ലാസിക്കൽ ഫാസിസം ആണെന്നും അതിൽ മോദി സർക്കാരില്ലെന്നും ആണ് സിപിഎമ്മിന്റെ മൃദു സമീപനം. ഇടതു പാർട്ടികളായ സിപിഐയുടെയും സിപിഐ ( എം.എൽ) ന്റെയും നിലപാടിന് ഘടകവിരുദ്ധമാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന പുതിയ സമീപനം. പാർട്ടി സംസ്ഥാന സമ്മേളനം വരാനിരിക്കുന്ന പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയവും വിശദീകരണക്കുറിപ്പുകൾ എല്ലാം ചൂടുള്ള ചർച്ചകൾക്ക് വഴി വയ്ക്കും ബിജെപിയോടും മോദിയോടും സിപിഎമ്മിന് മൃദുസമീപനം ആണെന്നുള്ള കോൺഗ്രസ് ആക്ഷേപത്തെ ശരിവെക്കുന്നതാണ് പുതിയ രാഷ്ട്രീയ സമീപനം.