എഎപിയും കോണ്‍ഗ്രസും സഖ്യത്തിലെത്താതാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതെന്ന വിശകലനം വന്നുകഴിഞ്ഞു. ഇതിനോടൊപ്പം പല മണ്ഡലത്തിലും എഎപിയുടെ തോല്‍വിക്ക് കാരണമായ മറ്റൊരു ഘടകമാണ് അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ അഥവാ എഐഎംഐഎം.
ജയിച്ചില്ലെങ്കിലും മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താന്‍ പാര്‍ട്ടിക്കായി. ഇതിലൊന്നില്‍ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ച് പോയതോടെ 40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുള്ള മണ്ഡലത്തില്‍ ബിജെപി വിജയിക്കുകയും ചെയ്തു.
ഓഖ്‌ല മണ്ഡലത്തില്‍ ഷിഫ ഉർ റഹ്മാൻ ഖാനും മുസ്തഫാബാദിൽ താഹിർ ഹുസൈനുമായിരുന്നു എഐഎംഐഎം സ്ഥാനാര്‍ഥികള്‍. 2020 ലെ ഡല്‍ഹി കലാപ കേസ് പ്രതികളായ രണ്ട് പേരും ജയിലിലായിരുന്നു. വോട്ട് വിഭജനത്തിനൊപ്പം മത്സരിച്ച രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസിനെ പിന്തള്ളി മൂന്നാമതെത്താന്‍ സാധിച്ചു എന്നതാണ് എഐഎംഐഎമ്മിന്‍റെ നേട്ടം.
ഓഖ്‍ലയില്‍ എഎപി നേതാവും സിറ്റിങ് എംഎല്‍എയുമായ അമാനത്തുള്ള ഖാൻ 23,639 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി മനിഷ് ചൗധരി രണ്ടാമതും. നിലവില്‍ തിഹാര്‍ ജയിലിലുള്ള ഷിഫ ഉർ റഹ്മാൻ ഖാന്‍ 39,558 വോട്ട് നേടി മൂന്നാമത്തെത്തി. ന്യൂനപക്ഷ മണ്ഡലത്തില്‍ വോട്ട് വിഭജനം ഉണ്ടായതോടെ എഎപി നേതാവിന്‍റെ ഭൂരിപക്ഷം 50,000 വോട്ടിലേറെ കുറഞ്ഞു.
40 ശതമാനം മുസ്ലിം ജനസംഖ്യയുള്ള മുസ്തഫാബാദില്‍ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ സിങ് ബിഷിത് 17,578 വോട്ടിനാണ് ജയിച്ചത്. എഎപി അദീല്‍ അഹമ്മദ് ഖാന്‍ 67,637 വോട്ടും എഐഎംഐഎം ന്‍റെ താഹിര്‍ ഹുസൈന്‍ 33,474 വോട്ടും നേടി. വോട്ട് ഭിന്നിച്ചതോടെയാണ് മണ്ഡലം ബിജെപിയിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇരുവര്‍ക്കും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.