rahul-gandhi-om-birla

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരായ സ്പീക്കറുടെ നിലപാടില്‍ കോണ്‍ഗ്രസിന് പ്രതിഷേധം. സഭാ മര്യാദകള്‍ക്ക് നിരക്കാത്ത രീതിയില്‍ ചിലര്‍ പെരുമാറുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞതും രാഹുല്‍ഗാന്ധിയെ ഉദ്ദേശിച്ചാണെന്ന് സൂചനയുണ്ട്. അച്ഛനും അമ്മയുമൊക്കെ സഭാംഗങ്ങളായിട്ടുണ്ട് എന്നത് സഭാ മര്യാദ ലംഘിക്കാനുള്ള കാരണമല്ല എന്ന് പറഞ്ഞ സ്പീക്കര്‍, പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറെ നേരില്‍ കണ്ട് പ്രതിഷേധം അറിയിച്ചു. 

വെറുതെ ഇരുന്ന തന്നെയാണ് സ്പീക്കര്‍ കുറ്റപ്പെടുത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി. സഭയ്ക്കുള്ളില്‍ സ്പീക്കര്‍ പറഞ്ഞത് ഇങ്ങനെ. 'ചില അംഗങ്ങള്‍ സ്ഥിരമായി സഭാ മര്യാദകള്‍ പാലിക്കുന്നില്ല. കുടുംബക്കാരൊക്കെ ഈ സഭയില്‍ അംഗങ്ങളായിരുന്നു എന്നത് പ്രത്യേക അവകാശം നല്‍കുന്നില്ല', ​രാഹുല്‍ ഗാന്ധിയുടെ ഏത് പെരുമാറ്റമാണ് സ്പീക്കറെ പ്രകോപിപ്പിച്ചത് എന്ന് വ്യക്തമല്ല. പക്ഷേ പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ല. 

സോണിയ ഗാന്ധിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന ആരോപണത്തില്‍ അമിത് ഷായ്ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജയറാം രമേശ് രാജ്യസഭയില്‍ അവകാശലംഘനനോട്ടിസ് നല്‍കി. 

നഴ്സുമാര്‍ക്ക് ഓരോ സംസ്ഥാനത്തും ജോലിചെയ്യാന്‍ പ്രത്യേകം റജിസ്ട്രേഷന്‍ വേണ്ടിവരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് കെ.സി.വണുഗോപാല്‍ ലോക്സഭയില്‍ പറഞ്ഞു. കേരളത്തില്‍ പട്ടികജാതി മന്ത്രിയില്ലാത്തത് പിന്നോക്ക വിഭാഗക്കാരോടുള്ള അവഗണനയെന്ന് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.

ജഡ്ജിയുടെ വസതിയിൽനിന്ന് പണം കണ്ടെത്തിയതില്‍ രാജ്യസഭ കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം തുടര്‍നീക്കങ്ങള്‍ തീരുമാനിക്കാമെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്ന പ്രസവാനുകൂല്യങ്ങൾ ക്യത്യമായി നല്‍കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കടല്‍മണല്‍ ഖനനം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ജെബി മേത്തറും പറഞ്ഞു.

ENGLISH SUMMARY:

Congress has protested against the Speaker’s remarks, which seemingly targeted Rahul Gandhi. The Speaker denied him a chance to speak, stating that political lineage does not justify violating parliamentary decorum. Other key discussions in Parliament included privilege notices, maternity benefits, and sea sand mining.