തമിഴ്നാട് മുഖ്യമന്ത്രി കസേരയിലേക്ക് ഏറ്റവും യോഗ്യതയുള്ളവര്‍ എന്ന് ജനം വിധിയെഴുതിയവരുടെ പട്ടിക പുറത്തുവിട്ട് സീ– വോട്ടര്‍ സര്‍വേ ഫലം. എം.കെ സ്റ്റാലിനു ശേഷം ആര്? എന്ന ചോദ്യത്തിന് വിജയ് എന്ന ഉത്തരമാണ് ഉയര്‍ന്നിരിക്കുന്നത്. സ്റ്റാലിന്‍ തന്നെ അധികാരത്തില്‍ തുടരണമെന്ന് പറഞ്ഞത് 27 ശതമാനം പേരാണ്. തൊട്ടുപിന്നില്‍ 18 ശതമാനത്തോളം പേര്‍ വിജയ്ക്ക് അനുകൂലമായാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പഴനിസ്വമിയെ അനുകൂലിച്ചവര്‍ 10 ശതമാനം മാത്രം. ബിജെപി അധ്യക്ഷന്‍ അന്നാമലൈ ഒന്‍പത് ശതമാനവുമായി നാലാം സ്ഥാനത്തുണ്ട്.
സ്റ്റാലിന്‍ ഭരണം മികവുറ്റതാണെന്ന് വ്യക്തമാകുന്നതാണ് സീ– വോട്ടര്‍ സര്‍വേ. സ്വന്തം പാര്‍ട്ടിയുമായി മുന്നോട്ടുവന്ന വിജയ്‌യെ സംബന്ധിച്ച് സ്റ്റാലിന് തൊട്ടുപിന്നിലൊരു സ്ഥാനം ഉറപ്പിക്കാനായി എന്നത് എടുത്തുപറയേണ്ടതാണ്. തമിഴ് രാഷ്ട്രീയത്തില്‍ വിജയ് നിര്‍ണായക ഘടകമായി എന്ന് വ്യക്തം. നിലവിലെ സര്‍ക്കാരില്‍ പരിപൂര്‍ണ തൃപ്തിയുണ്ടെന്ന് 15 ശതമാനത്തോളം ജനങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. തൃപ്തികരമെന്ന അഭിപ്രായം പറഞ്ഞവര്‍ 36 ശതമാനം. 25 ശതമാനം പേര്‍ തൃപ്തികരമല്ല എന്ന അഭിപ്രായം പറഞ്ഞപ്പോള്‍ 24 ശതമാനം ഒരഭിപ്രായവും പറയാനില്ല എന്ന തീരുമാനമാണ് അറിയിച്ചത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത 22 ശതമാനം പേര്‍ വളരെയധികം തൃപ്തികരമാണ് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നാണ് പറഞ്ഞത്. 33 ശതമാനം പേര്‍ തൃപ്തികരം എന്നുമാത്രവും 22 ശതമാനം തൃപ്തികരമല്ല എന്ന അഭിപ്രായവും പറഞ്ഞു. 23 ശതമാനം ആളുകള്‍ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തുന്നില്ല എന്നാണ് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പഴനിസ്വാമിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തരാണ് എന്ന് പറഞ്ഞവരാകട്ടെ എട്ടു ശതമാനം മാത്രം. 27 ശതമാനം പേര്‍ തൃപ്തികരം എന്നും 32 ശതമാനം ആളുകള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പോരാ എന്നും അഭിപ്രായപ്പെട്ടു. 33 ശതമാനത്തോളം ആളുകള്‍ അഭിപ്രായം പറയാനില്ല എന്നും വ്യക്തമാക്കി.
വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങള്‍ക്ക് സ്ത്രീ സുരക്ഷയെ കുറിച്ചാണ് പലരും പറഞ്ഞത്. വിലക്കയറ്റം, ലഹരി ഉപയോഗം, തൊഴിലില്ലായ്മ എന്നീ കാര്യങ്ങളാണ് പിന്നീടുള്ളത്. എംഎല്‍എമാരുടെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് 16 ശതമാനം പേര്‍ വളരെയധികം തൃപ്തികരമാണ് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 32 ശതമാനം പേര്‍ തൃപ്തികരം എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കി. 25 ശതമാനം പേര്‍ അവരുടെ അതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ 27 ശതമാനം പേര്‍ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയില്ല. 2026ല്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയപരമായി നിര്‍ണായകമാകുകയാണ് ഈ സര്‍വേ ഫലം.