മണ്ഡല പുനർനിർണയത്തിൽ കേന്ദ്രസർക്കാരിനെതിരെ പോരാട്ടം കടുപ്പിക്കാൻ ചെന്നൈയില്‍ ചേർന്ന സംയുക്ത കർമ്മ സമിതി തീരുമാനം. ആശങ്കകൾ അറിയിക്കുന്ന മെമ്മോറാണ്ടം കോർ കമ്മിറ്റിയിലെ എംപിമാർ പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ഫെഡറലിസം ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംയുക്ത യോഗത്തിനെതിരെ തമിഴ്നാട്ടിൽ ബിജെപി കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു.
മണ്ഡല പുനർനിർണയത്തിനെതിരെ ഡിഎം കെ തുടങ്ങിയ പ്രതിഷേധം രാജ്യ വ്യാപകമാവുകയാണ്. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ് ഉൾപ്പെടെ 7 സംസ്ഥാനങ്ങളിൽ നിന്നായി 14 പാർട്ടികൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തു. ജനസംഖ്യ അടിസ്ഥാനത്തിലുള്ള മണ്ഡലം പുനർനിർണയം സംസ്ഥാനങ്ങളുടെ സ്വാഭാവിക അവകാശത്തെ ഹനിക്കുന്നതാണെന്നാണ് യോഗത്തിൻറെ പൊതുവികാരം.
യോഗത്തിൽ പങ്കെടുത്ത വിവിധ പാർട്ടികളിൽ നിന്നുള്ള എംപിമാരെ ഉൾപ്പെടുത്തി കോർ കമ്മറ്റി രൂപീകരിക്കും. പാർലമെന്റിനകത്ത് യോജിച്ച പോരാട്ടം സാധ്യമാക്കുകയാണ് ലക്ഷ്യം.
ഒപ്പം ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. 1971 ലേ സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല നിർണയം 25 വർഷത്തേക്ക് കൂടി തുടരണം എന്നും ആവശ്യപ്പെട്ടു. പങ്കെടുത്ത കക്ഷികൾ അതാത് നിയമസഭകളിൽ പ്രമേയം പാസാക്കാൻ ശ്രമിക്കും എന്നും യോഗത്തിൽ തീരുമാനിച്ചു. .
കെ. സുധാകരൻ, ബിനോയ് വിശ്വം, പി.എം. എ. സലാം, ജോസ് കേ. മാണി, എൻ.കേ.പ്രേമചന്ദ്രൻ തുടങ്ങിയ നേതാക്കൾ കേരളത്തിൽ നിന്ന് പങ്കെടുത്തു. അടുത്ത യോഗം ഹൈദരാബാദിൽ ചേരാനും തീരുമാനിച്ചു. ഭരണ പരാജയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കം ആണെന്ന് സംസ്ഥാന ബിജെപി പ്രതികരിച്ചു. സർക്കാരിനെതിരെ കരിങ്കൊടി ഉയർത്തി ബിജെപി പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.