പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള കേരള നേതാക്കൾ മധുരയിലെത്തി. മുഖ്യമന്ത്രിയെ കൂടാതെ 9 സിപിഎം മന്ത്രിമാരും മധുരയിലെത്തി . പിണറായി വിജയൻ ഒരാഴ്ച തങ്ങുന്ന മാരിയറ്റ് ഹോട്ടലിലെ മുറി മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസ് ആയി പ്രവർത്തിക്കും.
പാർട്ടി കോൺഗ്രസിൽ ശ്രദ്ധ കേന്ദ്രമായ മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നരയോടെ കൂടിയാണ് മധുരയിലെത്തിയത്. കനത്ത സുരക്ഷയെത്തിയ പിണറായി വിജയനെ തമിഴ്നാട് സർക്കാർ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. കുടുംബസമേതം ആണ് മുഖ്യമന്ത്രി എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുര എംപി സു വെങ്കിടേശന്‍ എന്നിവർ മുഖ്യമന്ത്രിയെ പാർട്ടിക്കായി സ്വീകരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പി ബി അംഗങ്ങൾ എന്നിവരെ കൂടാതെ ഒൻപതു സിപിഎം മന്ത്രിമാരും പാർട്ടി കോൺഗ്രസിന് മധുരയിൽ എത്തിയിട്ടുണ്ട് സിപിഎമ്മിന്റെ മന്ത്രിമാരിൽ വീണ ജോർജ്ജും വി അബ്ദുറഹിമാൻ എന്നിവർ മാത്രമാണ് പാർട്ടി കോൺഗ്രസിന് ഇല്ലാത്തത്. പാർട്ടി കോൺഗ്രസ് സമാപിക്കും വരെ മുഖ്യമന്ത്രി കേരളത്തിലെ ഭരണത്തെ നിയന്ത്രിക്കുക മധുരയിൽ ഇരുന്നാവും. ഇതിനായി മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസ് മാരിയറ്റ് ഹോട്ടലിൽ ഉണ്ട്.