എം.എ.ബേബി
പ്രായപരിധിയിലെ ഇളവും മാറ്റവും പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് എം.എ.ബേബി. ചില ഇളവുകള്‍ ഉണ്ടാകാം. ജനറൽ സെക്രട്ടറിയാകും എന്നുള്ള ചർച്ചകളിലേക്ക് തന്നെ വലിച്ചിഴക്കേണ്ട. കോൺഗ്രസ് ബന്ധത്തില്‍ സിപിഎമ്മിന് ആശയക്കുഴപ്പമില്ല. ‘നവ ഫാഷിസ്റ്റ് ഭീഷണി നേരിടുന്നതില്‍ കോൺഗ്രസിന് വ്യക്തതയില്ലെന്നും വർഗീയതയുമായി പൊരുത്തപ്പെടാൻ കോൺഗ്രസിന് മടിയില്ലെന്നും എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസിനാണ് ഇന്ന് മധുരയിൽ കൊടി ഉയരുന്നത്. രാവിലെ 8 മണിക്ക് ബംഗാളിൽ നിന്നുള്ള മുതിർന്ന അംഗം ബിമൻ ബസു പതാക ഉയർത്തും. തുടർന്ന് ചേരുന്ന പ്രതിനിധി സമ്മേളനം സിപിഎം കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കും. രാഷ്ട്രീയ റിപ്പോർട്ടിൻമേല്‍ ബി.വി.രാഘവലു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. ബി.വി.രാഘവലു, അശോക് ധാവ്ളെ എന്നീ നേതാക്കളും സജീവമായി പരിഗണിക്കപ്പെടുന്നവരാണ്.
പാർട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്നും കീഴ്ഘടകങ്ങളിലെ നേതാക്കൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സിപിഎമ്മിന്റെ സംഘടന റിപ്പോർട്ടിൽ നിർദ്ദേശം. പി ബി അംഗങ്ങളുടെ പ്രവർത്തനം ഓരോ വർഷവും വിലയിരുത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നും യുവാക്കൾ സോഷ്യലിസത്തിന്റെ പാതയിലേക്ക് വരുന്നില്ല എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക ഘടകങ്ങളിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ മേൽഘടകങ്ങൾ കൃത്യമായി ഇടപെടണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
ആശാ പ്രവർത്തകർക്കിടയിൽ പാർട്ടിക്ക് സ്വാധീനം കുറവ് എന്ന് സിപിഎമ്മിന്റെ സംഘടനാ റിപ്പോർട്ട്. ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ള സ്കീം വർക്കേഴ്സിന് വേണ്ടി തൊഴിലാളി യൂണിയനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവരെ പാർട്ടിയിലേക്ക് സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് പരാമർശം. പാർട്ടിയെ എതിർക്കുന്നവരുമായി ആശാ പ്രവർത്തകർ ചേർന്നുനിൽക്കുകയാണ്. പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ പോലും ഇക്കാര്യത്തിൽ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് സംഘടന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിപിഎം ഭരിക്കുന്ന സർക്കാരിനെതിരെ കേരളത്തിൽ സമരം തുടരുമ്പോഴാണ് ആശാവർക്കർമാരുടെ കാര്യം സംഘടന റിപ്പോർട്ടിൽ പരാമർശിക്കുന്നത്