വഖഫ് ബില്ലില്‍ ഇനിയും നിലപാട് എടുക്കാതെ ജോസ് കെ.മാണി എം.പി. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസംഗത്തെ ആശ്രയിച്ച് നിലപാടെടുക്കുമെന്നും ചിലകാര്യങ്ങള്‍ക്ക് പിന്തുണയെന്നും ജോസ് കെ.മാണി മനോരമ ന്യൂസിനോട് പറഞ്ഞു. ‘ചില കാര്യങ്ങൾ പിന്തുണയ്ക്കപ്പെടണം, ചില കാര്യങ്ങൾ എതിർക്കപ്പെടണം. മന്ത്രി കിരൺ റിജിജുവിന്‍റെ ആമുഖപ്രസംഗത്തെ ആശ്രയിച്ചിരിക്കും ബില്ലിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്നതിലെ തീരുമാനം. കൗൺസിലിലും ബോർഡിലും മുസ്ലിങ്ങള്‍ അല്ലാത്തവരെ നിയമിക്കുമെന്നത് ജനാധിപത്യവിരുദ്ധമാണ്. എന്നാൽ, തര്‍ക്കങ്ങളുണ്ടായാല്‍ കോടതിയില്‍ പോകാന്‍ അനുമതി നല്‍കുന്ന ബില്ലിലെ പരിഷ്കാരം സ്വാഗതാര്‍ഹമാണെന്നും ജോസ് കെ.മാണി പറയുന്നു.
വഖഫ് ബില്‍ വിഷയത്തില്‍ എം.പിമാരുടെ നിലപാടില്‍ വേദനയെന്ന് കെ.സി.ബി.സി പ്രതികരിച്ചു. മുനമ്പത്തിന് എങ്ങനെ ഗുണംചെയ്യുമെന്ന് എംപിമാര്‍ പഠിക്കണം. വഖഫ് ഭേദഗതിക്ക് നല്‍കിയ പിന്തുണയില്‍ രാഷ്ട്രീയമില്ല. ജനപ്രതിനിധികള്‍ ആവശ്യം അംഗീകരിക്കാത്തതില്‍ വേദനയെന്നും ഫാ. തോമസ് തറയില്‍ പറഞ്ഞു. അതേസമയം, കെ.സി.ബി.സി നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി വി.ഡി.സതീശന്‍ രംഗത്തെത്തി. എം.പിമാര്‍ക്ക് വിപ്പ് കൊടുക്കുന്നത് പാര്‍ട്ടിയല്ലേ? വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമില്ലെന്നത് വ്യക്തം. ചര്‍ച്ച് ബില്‍ വന്നാലും യു.ഡി.എഫ് കൃത്യമായ നിലപാടെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അസാധാരണമാം വിധം അര്‍ധരാത്രിവരെ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ഒടുവിലാണ് വഖഫ് നിയമഭേദഗതി ബില്‍ ലോക്‌സഭ കടക്കുന്നത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു.
അതേസമയം വഖഫ് ബില്‍ കൊണ്ട് മുനമ്പത്തെ പ്രശ്നം തീരില്ലെന്നാണ് വി.ഡി.സതീശന്‍റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റില്‍ പ്രശ്നം തീര്‍ക്കാം. ഒരു വിഭാഗത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ശക്തമായി എതിര്‍ക്കും. വഖഫ് ബില്ലിനെ ശക്തമായി കോണ്‍ഗ്രസ് എതിര്‍ത്തു, നാളെ ചര്‍ച്ച് ബില്ലിനെയും എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുസ്‍ലിം ലീഗും പ്രതികരിച്ചു. വഖഫ് ബില്ലും മുനമ്പവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ അടിയന്തരപരിഹാരത്തിന് ശ്രമിക്കണം. ക്രൈസ്തവനേതൃത്വവുമായി ചര്‍ച്ചചെയ്യുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബില്ലിനെതിരെ മന്ത്രി പി.രാജീവ് രംഗത്തെത്തി. വഖഫ് ഭേദഗതി ബില്‍ മുനമ്പം പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന വാദം ശരിയല്ലെന്നും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും പൂര്‍ണമായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും പി.രാജീവ് പറഞ്ഞു. ഒരു പരിഹാര ക്ലോസും ബില്ലിലില്ലെന്നും ആളുകള്‍ യാഥാര്‍ഥ്യം അറിയാന്‍ പോകുന്നേയുള്ളൂവെന്നും മന്ത്രി. രാജ്യസഭയിൽ കാണാമെന്ന് തോമസ് ഐസകും പ്രതികരിച്ചു. കോൺഗ്രസിന് വഖഫ് വിഷയത്തിൽ രണ്ടു മനസാണ്. കോൺഗ്രസിന് വടക്കേന്ത്യയിൽ മൃദുഹിന്ദുത്വവും തെക്കേന്ത്യയിൽ മതേതരത്വവും. കോൺഗ്രസിന് വേട്ടനായയുടെ സ്വഭാവമെന്നും തോമസ് ഐസക് പറഞ്ഞു. വഖഫ് ബില്ലില്‍ ഇടതുപക്ഷത്ത് ഒരു തര്‍ക്കവുമില്ലെന്ന് കെ.രാധാകൃഷ്ണന്‍ പ്രതികരിച്ചു. ഓരോ പാര്‍ട്ടിക്കും അതിന്റേതായി പ്രത്യേകതയുണ്ട്, വ്യത്യസ്ത അഭിപ്രായമുണ്ടാകും. ജോസ് കെ.മാണി ബില്ലിനെതിരെ വോട്ട് ചെയ്യുമായിരിക്കുമെന്നും കെ.രാധാകൃഷ്ണന്‍ പറഞ്ഞു.