kk-shailaja-sreemathy-2

എം.എ.ബേബി സിപിഎമ്മിന്‍റെ പുതിയ ജനറല്‍ സെക്രട്ടറി. ബംഗാള്‍ ഘടകത്തിന്‍റെയും , ജനറല്‍ സെക്രട്ടറി  സ്ഥാനത്തേക്ക് പരിഗണനയിലുണ്ടായിരുന്ന അശോക് ധവ്ളയുടെയും എതിര്‍പ്പ് മറികടന്നാണ് ബേബിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ധാരണയിലെത്തിയത്.  മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കുന്ന സാഹചര്യത്തില്‍  അന്തിമതീരുമാനം ഇന്ന് കേന്ദ്രകമ്മിറ്റിയിലുണ്ടാകും. കെ.കെ.ശൈലജയെ പി.ബിയിലേക്ക് പരിഗണിച്ചില്ല. എം.എ. ബേബി ജന.സെക്രട്ടറിയായാല്‍ ശൈലജ പി.ബിയില്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. അതേസമയം  പി.കെ. ശ്രീമതിക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കുന്നത് പി.ബി ശുപാര്‍ശ ചെയ്യും.  ജനാധിപത്യ അസോസിയേഷന്‍ നേതാവ് എന്ന നിലയിലാണ് ഇളവിന് ശുപാര്‍ശ.

അതേസമയം, പി.സുന്ദരയ്യ മുതൽ സീതാറാം യച്ചൂരിവരെ സി.പി.എമ്മിനെ ഇതുവരെ നയിച്ചത് അഞ്ചു പേര്‍. എം.എ.ബേബിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ ഇ.എം.എസിന് ശേഷം സി.പി.എമ്മിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാകും അദ്ദേഹം. ഇതിന് മുന്‍പ് എസ് രാമചന്ദ്രൻ പിള്ളയ്ക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് പദവി നഷ്ടമായത്. കാരാട്ടിന്റെയും യച്ചൂരിയുടെയും കാലം കേരളഘടകത്തിലെ ബലാബലത്തിന്റേത്  കൂടിയായിരുന്നു.

പി സുന്ദരയ്യ, ഇ.എം.എസ് നമ്പൂതിരിപ്പാട്, ഹർകിഷൻ സിങ് സുർജിത്ത്, പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി. സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ അമരത്തുണ്ടായിരുന്നത് ഇവരാണ്. സുന്ദരയ്യയും ഇഎംഎസും 14 വർഷം വീതവും സുർജിത് 13 വർഷവും കാരാട്ട് 10 വർഷവും യച്ചൂരി 9 വർഷവും പാർട്ടിയെ നയിച്ചു.

ലോകത്ത് ആദ്യമായി ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നായകൻ, ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പരിവേഷവുമായാണ് ഇഎംഎസ് ജനറൽ സെക്രട്ടറിയാകുന്നത്. സുന്ദരയ്യയുടെ പിൻഗാമിയായി. പത്താം പാർട്ടി കോൺഗ്രസിൽ. രാഷ്ട്രീയ സമസ്യകൾക്ക് സൈദ്ധാന്തിക പരിഹാരം കണ്ടെത്തുന്ന ബുദ്ധിജീവി എന്ന തലപ്പൊക്കം ഇഎംഎസിനുണ്ടായിരുന്നു.

കരാട്ട് ജന്മം കൊണ്ട് മലയാളിയായിരുന്നെങ്കിലും കേരളത്തിൽ നിന്നുള്ള ജനറൽ സെക്രട്ടറി എന്ന് വിലയിരുത്താനാകില്ല. ഡൽഹി ഘടകത്തിന്റെ പ്രതിനിധിയായിരുന്നു. 18 ആം പാർട്ടി കോൺഗ്രസിലായിരുന്നു പദവിയേൽക്കൽ. പാർട്ടിയിലെ രണ്ടാം തലമുറയിലെ മുഖം. ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന് ഏറ്റവും കരുത്തുണ്ടായിരുന്ന കാലം. യുപിഎ സർക്കാരിന് പുറത്തു നിന്ന് പിന്തുണച്ചു. വിഎസ് പിണറായി അധികാര ബലാബലം വലച്ച നാളുകൾ.

2015 വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിൽ എസ് രാമചന്ദ്രൻപിള്ള ജനറൽ സെക്രട്ടറിയായേക്കുമെന്ന ചർച്ചകൾ ശക്തമായിരുന്നു. പിണറായി വിജയന്റെയും കേരളഘടകത്തിന്റെയും പിന്തുണ എസ്ആർപിക്കുണ്ടായിരുന്നു. സമവായ നീക്കങ്ങൾക്കൊടുവിൽ സീതാറാം യച്ചൂരിക്ക് ജനറൽ സെക്രട്ടറി പദവിയിലേയ്ക്ക് വഴി തുറന്നു. യച്ചൂരിയുടെ ഇന്നിങ്സിന്റെ തുടക്കത്തിലും കേരളഘടകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടിവന്നു. വി.എസിനൊപ്പമായിരുന്നു യച്ചൂരി നിലയുറപ്പിച്ചത്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ കോൺഗ്രസിനോടുള്ള സമീപനം ഉൾപ്പെടെ രാഷ്ട്രീയ നയം ആയുധമാക്കി യച്ചൂരിക്കെതിരെ കാരാട്ട് പക്ഷം നീക്കം നടത്തിയെങ്കിലും യച്ചൂരി വീണ്ടും ജനറൽ സെക്രട്ടറിയായി. കണ്ണൂരിലും യച്ചൂരിയുടെ തുടർച്ച. മലയാളിയായ, പിബി കോഡിനേറ്റർ പദവി വഹിക്കുന്ന പ്രകാശ് കാരാട്ടിൽ നിന്നാകും പുതിയ ജനറൽ സെക്രട്ടറി പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റുവാങ്ങുക. അത് മലയാളിയാകുമോ?  കാത്തിരിക്കാം.

ENGLISH SUMMARY:

M.A. Baby is the new General Secretary of CPM. The party has reached an agreement to elect Baby after overcoming the opposition of the Bengal unit and Ashok Dhavla, who was under consideration for the post of General Secretary. The final decision will be taken in the Central Committee today as the party congress in Madurai concludes today. K.K. Shailaja was not considered for PB. Meanwhile, PB will recommend relaxation in age limit for P.K. Sreemathi.