വടകര ജില്ലാ ആശുപത്രിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ആളെത്താതിരുന്നതിനെ തുടര്‍ന്ന് പരിപാടി ആരംഭിച്ചത് അരമണിക്കൂറോളം വൈകി. 11 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി ആളുകളെ എത്തിച്ച ശേഷം 11.30ഓടെയാണ് തുടങ്ങിയത്. ആളുകളെ എത്തിക്കുന്നത് വരെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ തുടര്‍ന്നു. ചൂടുകാലമായതിനാല്‍ തിങ്ങി നിറഞ്ഞ് ഇരിക്കേണ്ടെന്നും സംഘാടകര്‍ വലിയ പന്തലാണ് ഒരുക്കിയതെന്നും മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനം ഉയര്‍ത്തി. വടകര എംഎല്‍എയും എംപിയും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി ഔചിത്യബോധം കാരണം ഒന്നും പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. എറണാകുളത്ത് നിന്നും രാവിലെ 11 മണിക്ക് മുന്‍പായി മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ വടകരയില്‍ എത്തിച്ചേര്‍ന്നിരുന്നു.
മലപ്പുറത്ത് വീട്ടില്‍ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം വേദനാജനകമാണെന്നും അശാസ്ത്രീയ പ്രവണത സംസ്ഥാനത്ത് തലപൊക്കുന്നുണ്ടെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സമൂഹിക ദ്രോഹികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.