എഐസിസി സമ്മേളനത്തിനൊരുങ്ങി ഗുജറാത്തിലെ അഹമ്മദാബാദ്. നാളെ വിശാല പ്രവർത്തക സമിതിയും മറ്റന്നാൾ എഐസിസി സമ്മേളനവും ചേരും. അടിമുടി മാറ്റത്തിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളാണ് രണ്ടുദിവസത്തെ യോഗം കൈകൊള്ളുക.
വിശാല പ്രവർത്തകസമിതി യോഗമായതിനാൽ 169 പേരുണ്ടാകും. വൈകീട്ട് നേതാക്കള്‍ ഒന്നടങ്കം സബര്‍മതി ആശ്രമത്തിലെ പ്രാര്‍ത്ഥന സംഗമത്തില്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബര്‍മതി നദി തീരത്താണ് എ.ഐ.സി.സി സമ്മേളനം മറ്റന്നാൾ ചേരുക.
പാർട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളില് കൊണ്ടുവരുന്ന മാറ്റങ്ങള് അടങ്ങിയ പ്രമേയം പാസാക്കും. ഡിസിസികളുടെ അധികാരം വര്‍ധിപ്പിക്കുന്നതാണ് ഇതിലെ നിര്‍ദേശങ്ങള്‍. ആവശ്യമെങ്കില്‍ ഇതിന് വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവര്‍ത്തക സമിതി അനുമതി നല്‍കിയേക്കും. സാമ്പത്തികം സാമൂഹികം വിദേശകാര്യമെന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക. ഗാന്ധിജിയുടെയും പട്ടേലിന്‍റെയും സംഭാവനകളെയും പ്രമേയത്തില്‍ ഊന്നിപ്പറയും.