ഡി.സി.സി അധ്യക്ഷ പദത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. ഗാന്ധിജിയും സർദാർ വല്ലഭായ് പട്ടേലും അടങ്ങുന്ന പാര്‍ട്ടിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിന് നാളെ തുടക്കമാകും. പാർട്ടി അടിത്തറ ശക്തിപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പിക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് സമ്മേളനം അഹമ്മദാബാദിൽ നിശ്ചയിച്ചതിലൂടെ കോണ്‍ഗ്രസ്.
മൂന്ന് പതിറ്റാണ്ടായി പ്രതിപക്ഷത്തിരിക്കുന്ന ഗുജറാത്തില്‍ 64 വര്‍ഷത്തിന് ശേഷമാണ് എ.ഐ.സി.സി സമ്മേളനം നടക്കുന്നത്. ദ്വിദിന സമ്മേളനത്തിന് കോണ്‍ഗ്രസ് തിരഞ്ഞെടുത്ത വേദി പോലും ശക്തമായ സന്ദേശം നല്‍കുന്നു. ഗാന്ധിജിയെയും സർദാർ വല്ലഭായ് പട്ടേലിനെയും ബിജെപി പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുവരുടെയും പൈതൃകം ഉറപ്പിക്കുകയാണ് കോണ്‍ഗ്രസ്. നാളെ രാവിലെ ചേരുന്ന വിശാല പ്രവര്‍ത്തക സമിതി യോഗം നിശ്ചയിച്ചിട്ടുള്ളത് ചരിത്രപ്രസിദ്ധമായ സര്‍ദാര്‍ സ്മാരകത്തിലാണ്. വൈകീട്ട് നേതാക്കള്‍ ഒന്നടങ്കം സബര്‍മതി ആശ്രമത്തില്‍ പ്രാര്‍ത്ഥന സംഗമത്തില്‍ പങ്കെടുക്കും. സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബര്‍മതി നദി തീരത്താണ് എ.ഐ.സി.സി സമ്മേളനം ബുധനാഴ്ച ചേരുക. പാർട്ടി അടിത്തറ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഡിസിസികളില് കൊണ്ടുവരുന്ന മാറ്റങ്ങള് അടങ്ങിയ പ്രമേയം പാസാക്കും. ഡിസിസികളുടെ അധികാരം വര്‍ധിപ്പിക്കുന്നതാണ് ഇതിലെ നിര്‍ദേശങ്ങള്‍. ആവശ്യമെങ്കില്‍ർ ഇതിന് വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവര്‍ത്തക സമിതി അനുമതി നല്‍കിയേക്കും. രാഹുല്‍ ഗാന്ധിയുടെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ കൊണ്ട് വരുന്ന ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ പ്രിയങ്ക ഗാന്ധിയെ ചുമതലപ്പെടുത്തിയേക്കും. ഗാന്ധിജിയുടെയും പട്ടേലിന്‍റെയും സംഭാവനകളെയും പ്രമേയത്തില്‍ ഊന്നിപ്പറയും. മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക - വിദേശ - കാർഷിക നയങ്ങളെ സമ്മേളനം രൂക്ഷമായി വിമര്‍ശിക്കും