പരിഷ്കരിച്ച വഖഫ് നിയമഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിക്കുക. ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ ഭരണപക്ഷം എത്ര പ്രകോപനം സൃഷ്ടിച്ചാലും സഭവിട്ടിറങ്ങേണ്ടെന്ന് കക്ഷിനേതാക്കള്‍ തീരുമാനമെടുത്തിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനിടയില്‍ നിന്ന് സി.പി.എം അംഗങ്ങളും ബില്ലിനെതിരെ വോട്ടുചെയ്യാന്‍ എത്തുന്നുണ്ട്. അതേസമയം എന്‍.ഡി.എ ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ബില്ലിനെ പിന്തുണയ്ക്കും എന്നറിയിച്ചിട്ടുണ്ട്. സഭയില്‍ നിര്‍ബന്ധമായി ഹാജരാവണം എന്നാവശ്യപ്പെട്ട് ബി.ജെ.പിയും കോണ്‍ഗ്രസും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി. എട്ടുമണിക്കൂറാണ് ചര്‍ച്ചയ്ക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്.
അതിനിടെ ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെൻറ് അനക്സിൽ 9.30 ന് ചേരുന്ന യോഗത്തിൽ സഭയിൽ സ്വീകരിക്കേണ്ട നിലപാട് രാഹുൽഗാന്ധി വിശദീകരിക്കും. ഇന്ത്യാ സഖ്യത്തിനൊപ്പം നിന്ന് ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാനാണ് തീരുമാനം. വോട്ടെടുപ്പ് ആവശ്യപ്പെടും. ബില്ല് ഭരണഘടന, മതേതരത്വം, ന്യൂനപക്ഷ അവകാശങ്ങൾ എന്നിവക്കെതിരായ ആക്രമണമാണെന്നും ചർച്ചയിൽ സംസാരിക്കുന്ന എംപിമാർ ഊന്നിപ്പറയേണ്ട വസ്തുതകൾ എന്തെല്ലാമാണെന്നും രാഹുൽ ഗാന്ധി യോഗത്തിൽ അറിയിക്കും. ടിഡിപി, ജെഡിയു, എൽജെപി എന്നീ പാർട്ടികളെ തുറന്നു കാണിക്കാൻ ഈ അവസരം ഉപയോഗിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.