ഗുജറാത്ത് കോൺഗ്രസിനെ പൊളിച്ചെഴുതാൻ രാഹുൽ ഗാന്ധി. ചൊവ്വാഴ്ച ഡിസിസി ശാക്തീകരണത്തിന് സംസ്ഥാനത്ത് എത്തുന്ന രാഹുൽഗാന്ധി സ്ലീപ്പിങ് സെല്ലുകൾക്കെതിരെ കർശന നടപടിയെടുക്കും. 15 ഓളം നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
സമൂലം മാറ്റം ലക്ഷ്യമിട്ടുള്ള എഐസിസി സമ്മേളനത്തിനുശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് ശാക്തീകരണത്തിന് തുടക്കം കുറിക്കുന്നത് മോദിയുടെ തട്ടകമായ ഗുജറാത്തിൽ നിന്നാണ്. പാർട്ടിയിലെ ബിജെപി സ്ലീപ്പിങ് സെല്ലുകൾക്കെതിരെ മാസങ്ങൾക്കു മുൻപേ താക്കീത് നൽകിയ രാഹുൽ ഗാന്ധി നടപടികൾക്കായി ചൊവ്വാഴ്ച നേരിട്ടെത്തുകയാണ്. ഹൈക്കമാൻഡ് വിലയിരുത്തലുകളുടെയും ആഭ്യന്തര റിപ്പോർട്ടുകളുടെയും ലഭിച്ച പരാതികളുടെയും അടിസ്ഥാനത്തിലാണ് നടപടി. 15 ഓളം നേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തു നിന്നുള്ള പ്രവർത്തകസമിതി അംഗവും പട്ടികയിലുണ്ട്.ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയോ പുറത്താക്കുകയോ ചെയ്തേക്കാം.
ഡിസിസി അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുമ്പോൾ പ്രകടനം, വിശ്വസ്തത, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ചരിത്രം തുടങ്ങിയവയാണ് പരിഗണിക്കുക. സംസ്ഥാനത്തെ പ്രവർത്തകരോട് നിർദ്ദേശങ്ങൾ എഴുതി നൽകാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതും പരിഗണിക്കും. ഓരോ ജില്ലയിലും അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി സമിതി രൂപീകരിക്കും. കേന്ദ്ര നിരീക്ഷകരും സമിതിയിൽ ഉണ്ടാകും. സംസ്ഥാനത്തിനായി 200 ഓളം നിരീക്ഷകരെയാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടുള്ളത്.