TAGS

തോട്ടംമേഖലയായ പാലക്കാട് നെല്ലിയാമ്പതിയിലെ നൂറടിയിലായിലുരുന്നു നാട്ടുകാര്‍ക്ക് കൗതുകമായ കാഴ്ച. കുറ്റിക്കാടിനുളളില്‍ മറഞ്ഞുകിടന്ന പതിമൂന്നടി നീളമുളള രാജവെമ്പാല ചേരയെ വിഴുങ്ങി. ആളുകളെത്തുമ്പോഴേക്കും നിരുപദ്രവകാരിയായ ഒന്നരമീറ്റര്‍ നീളമുളള ചേരയുടെ പകുതിയും അകത്താക്കിയിരുന്നു. പിന്നെയും മണിക്കൂറുകളെടുത്താണ് ചേരയെ വിഴുങ്ങിയത്. പാമ്പുകള്‍ തന്നെയാണ് രാജവെമ്പാലയുടെ മുഖ്യ ആഹാരം. വിഷമുളളതിെനയും ഇല്ലാത്തതിനെയും കൊല്ലും. പല്ലി മുതലായ ജീവികളെയും ഇരയാക്കുന്ന പാമ്പാണിത്. ഇരയെ വിഷം പ്രയോഗിച്ച് കീഴ്പ്പെടുത്തിയതിനുശേഷം വിഴുങ്ങുന്ന രീതിയാണ് രാജവെമ്പാലയ്ക്കുളളത്. രാജവെമ്പാലയുടെ കൊത്തു കൊണ്ടാല്‍ വിഷമേറ്റ് പതിനഞ്ചുമിനിറ്റിനുളളില്‍ തന്നെ മനുഷ്യന് മരണം സംഭവിക്കാം. അരയിഞ്ച് നീളമുളള പല്ലുകൊണ്ട് വിഷം ഇരയിലേക്ക് പ്രവഹിക്കും. ഏഴു മില്ലി വരെ വിഷം ഇരയിലേക്ക് ഒറ്റത്തവണ എത്തിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 

മഹാരാഷ്ട്ര മുതല്‍ കേരളം വരെയുളള പശ്ചിമഘട്ടത്തില്‍ രാജമെമ്പാലയുടെ സാന്നിധ്യം ഏറെയുണ്ടെങ്കിലും കേരളത്തില്‍ രാജവെമ്പാലയുടെ കടിയേറ്റ് മനുഷ്യന്‍ മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. മനുഷ്യരുമായി ഏറ്റുമുട്ടാനോ ഉപദ്രവിക്കാനോ രാജവെമ്പാലകള്‍ തയ്യാറാകില്ല. വയര്‍നിറയെ ഒരിക്കല്‍ ആഹാരം ക്രമീകരിച്ചുകഴിഞ്ഞാല്‍ ദീര്‍ഘനാള്‍ ഇരതേടാതെ ജീവിക്കാനുളള ശേഷി രാജവെമ്പാലയ്ക്കുണ്ട്. പകല്‍സമയത്താണ് കൂടുതലും ഇരതേടലും സഞ്ചാരവും. രണ്ടുവര്‍ഷം മുന്‍പ് കോതമംഗലത്തെ എണ്ണപ്പന തോട്ടത്തില്‍ രാജവെമ്പാല പെരുമ്പാമ്പിനെ വിഴുങ്ങിയത് വാര്‍ത്തയായിരുന്നു. തായ്്്ലന്‍ഡിലാകട്ടെ പെരുമ്പാമ്പിനെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചകള്‍ കൂടിവരുകയാണ്.