നിർവികാരമായിരുന്നു ആ കണ്ണുകൾ, പുറംകാഴ്ചയില്‍ നിസ്സഹായമായിരുന്നു ആ നില്‍പ്പ്.  അതിൽ പക്ഷേ ഒരു ദൃഢനിശ്ചയം നിറഞ്ഞുകത്തി.  നീനുവിന് ഇനി ആരുണ്ട് എന്ന ചോദ്യത്തിന് ഞാനുണ്ട്, ഈ അച്ഛനുണ്ട് എന്ന ഉത്തരമുണ്ട്. എല്ലാമെല്ലാമായ മകന്‍ തൊട്ടരികെ നിത്യനിദ്രയില്‍ നിശ്ചലനായി കിടക്കുമ്പോഴും തളരാത്ത കരുത്തിന്‍റെ ആള്‍രൂപമായി മലയാളിക്ക് മുന്നില്‍ ഈ അച്ഛന്‍.

മകന്റെ മരണത്തിലും മരുമകളുടെ കണ്ണീരിനുമിടയിൽ ആടിയുലയാതെ നിന്നു ജോസഫ് എന്ന അച്ഛൻ. കഴിഞ്ഞ പകലുകളില്‍ രാവുകളില്‍ ഒരുപോള കണ്ണടച്ചിട്ടുണ്ടാകില്ല ഈ മനുഷ്യന്‍. കെവിന്റെ മരണത്തോളം ഉള്ളുലച്ചതായിരുന്നു നീനുവിന്റെ കണ്ണുനീർ. ഒരു ദിവസം പോലും ഒരുമിച്ചുജീവിക്കാൻ സാധിക്കാതെ പകുതി പ്രാണൻ അകന്നുപോയ നീനുവിന് താങ്ങും തണലുമായത് ഈ അച്ഛന്‍. വേദനകളില്‍ പതറാതെ മുറുക്കിപ്പിടിച്ച കൈകളില്‍ ആ സങ്കടങ്ങളെയാകെ അദ്ദേഹം മുറുക്കിപ്പിടിച്ചു. 

പ്രാണൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവനെയോർത്ത് പൊട്ടിപ്പൊട്ടിക്കരയുന്ന ആ പെൺകുട്ടിയെ ചേർത്തുനിറുത്തി ജോസഫ് പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു:  തളരരുത്, കരയരുത്, ഇനി അച്ഛനുണ്ട് കൂടെ. കുടുംബത്തെ മുഴുവൻ ചേർത്തുപിടിച്ച് വന്നുചേർന്ന വിധിയിൽ നിർവികാരനായി ഇരിക്കുന്ന ജോസഫിന്റെ ഈ ചിത്രം ഉള്ളുപൊള്ളിക്കുന്നതാണ്. 

നീനുവിന്റെ കണ്ണുനീർ വീണുപൊള്ളിയത് മകന്റെ മരണത്തിൽ നിസഹായനായി പോയ ആ അച്ഛന്റെ നെഞ്ചിലായിരുന്നു. ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ് കെവിന്റെ മരണത്തോടെ ഇല്ലാതെയായത്. പെങ്ങളെ വിവാഹം കഴിപ്പിക്കണം, സ്വന്തമായൊരു വീടുവേണം, വൃദ്ധരായ അച്ഛനും അമ്മയ്ക്കും തണലാകണം, നീനുവിന് കൂട്ടാകണം.. അങ്ങനെ അങ്ങനെ നൂറുസ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കെവിൻ പോയത്. ജീവിതത്തിന്‍റെ വല്ലാത്തൊരു ഘട്ടത്തില്‍ ആ സ്വപ്നങ്ങളെല്ലാം ഇനിയീ അച്ഛന്‍റെ ചുമലിലാകുന്നു. 

കെവിനെ കാണാതായ അന്നുമുതൽ നീനുവിനൊപ്പം തന്നെ നിന്നത് ജോസഫാണ്. കെവിന്റെ മരണവാർത്തയറിഞ്ഞ് തളർന്നുവീണ നീനുവിന് ആശുപത്രിയിൽ കൂട്ടിരുന്നു, ജന്മം നൽകിയ അച്ഛൻ നൽകിയ ആജീവനാന്ത കണ്ണീർ തന്നാലാവുന്ന വിധം ഈ അച്ഛൻ തുടച്ചുകൊടുത്തു. മകന്റെ മൃതദേഹത്തിന്റെയും മകളുടെ കണ്ണീരിന്റെയും ഇടയ്ക്ക് നിസഹായത മാത്രമായിരുന്നു അദ്ദേഹത്തിന് കൂട്ട്. എങ്കിലും തളരാതെ പിടിച്ചു നിന്നു. 

അമ്മ വിളമ്പി കൊടുത്ത ചോറുണ്ട്, അനിയത്തിയോട് പോയി വരാം എന്നു പറഞ്ഞിറങ്ങിയത് ആ വീടിന്റെ പ്രതീക്ഷയായിരുന്നു. ഒരിക്കലും തിരിച്ചുവരാത്ത യാത്രപോയ കെവിനെയോർത്തുള്ള കണ്ണീരായിരുന്നു നാടുമുഴുവൻ. ആ കണ്ണീർത്തിരയിലും ആടിയുലയാതെ പിടിച്ചുനിന്നത് ജോസഫ് മാത്രം. അതുകൊണ്ടുതന്നെ മലയാളനാട് മുഴുവന്‍ ഈ അച്ഛന് മുന്നില്‍ എഴുന്നേറ്റുനില്‍ക്കുന്നു. അങ്ങാടികളില്‍ ഫ്ലെക്സ് ബോര്‍ഡുകളായും സമൂഹമാധ്യമങ്ങളില്‍ ചെറുകുറിപ്പുകളായും ഈ അച്ഛന്‍ നിറഞ്ഞുകവിയുന്നു. ഈ മുഖം കാണുമ്പോള്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഫെയ്സ്ബുക്കിന്‍റെ ചുമരില്‍ കുറിച്ചിട്ടു എത്രയോപേര്‍. 

ഈ അച്ഛന്‍റെ ദൃഢപേശികളില്‍ പുതിയ കേരളത്തെ സ്വപ്നം കാണുന്നു ആ കുറിപ്പുകള്‍. ജാതിക്കും മതത്തിനും വിശ്വാസങ്ങള്‍ക്കും എല്ലാം മേലെ സ്നേഹവും പ്രണയവും ജീവിതവും നിറയുന്ന കാലം സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു ഈ മുഖം. കരുത്തിന്‍റെ ആള്‍രൂപമായി വര്‍ഷങ്ങളിലേക്ക് നീളട്ടെ ഇനി ഈ മനുഷ്യന്‍റെ ശ്വാസനിശ്വാസങ്ങള്‍.