TAGS

കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനിൽ കൊളജ് യൂണിഫോം ധരിച്ച് മീൻ വിൽക്കുന്ന ഒരു ചെറിയ പെൺകുട്ടിയെ ഓട്ടപാച്ചിലുകൾക്കിടയിലും ശ്രദ്ധിക്കാതിരിക്കാനാവില്ല. നിറഞ്ഞ പുഞ്ചിരിയോടെ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ആ ജീവിതത്തിന് പിന്നിൽ അനുഭവത്തിന്‍റെ ഒരു വലിയ കടലുണ്ട്. ജീവിതത്തിന്‍റെ നീർചുഴി കടന്നാണ് ഹനാൻ എന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ മീൻമാർക്കറ്റിലേക്ക് എത്തുന്നത്.

ഹനാൻ എന്നാൽ സ്നേഹം, ആർദ്രത, സഹാനുഭൂതി എന്നാക്കെയാണ് അർഥം.  മനോരമന്യൂസ് ഡോട്ട്കോമിനോട് ജീവിതം പറയുകയാണ് ഹനാൻ.

 

മാടവനയിലെ ഒരു ചെറിയ വീടകവീട്ടിൽ അവൾ അധ്വാനിച്ച് കിട്ടുന്നതുകൊണ്ട് പുലരുന്ന ഒരു കുടുംബമുണ്ട്. ക‌ോളജിൽ പഠിക്കുന്ന ഈ പെൺകുട്ടിയുടെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. തൃശൂർ സ്വദേശിയാണ് ഹനാൻ. അച്ഛനും അമ്മയും പണ്ടേ വേർപിരിഞ്ഞ അനേകായിരം കുട്ടികളിൽ ഒരാൾ. അതോടെ അമ്മ മാനസികമായി തളർന്നു. പ്ലസ്ടുവിന് അനിയനെ വളർത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാൻ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 

 

പ്ലസ്ടുവരെ മുത്തുമാലകൾ ഉണ്ടാക്കി വിറ്റും കുട്ടികൾക്ക് ട്യൂഷനെടുത്തുമാണ് ഹനാൻ വീടുപോറ്റിയത്. അങ്ങനെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്.  തുടർപഠനത്തിനും മറ്റുമായി കുടുംബം തൃശൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.  തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ. 

 

ഹനാന്‍റെ ഒരു ദിനം തുടങ്ങുന്നത് പുലർച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവൾ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളിൽ നേരെ ചമ്പക്കര മാർക്കറ്റിലേക്കും തമ്മനം ജങ്ഷനിലെ മീൻവിൽക്കുന്ന ഇടത്തേയ്ക്കും സൈക്കിളിൽ തന്നെ ഹനാൻ ജീവിതചക്രം ചവിട്ടി മുന്നോട്ട് നീങ്ങും. അന്തിയോളം പണിയെടുത്ത് കിട്ടുന്ന കാശുമായി മാടവനയിലെ വീട്ടിലെത്തും. 

 

ഇതിന്‍റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്‍ററിൽ ഒരു വര്‍ഷത്തോളം ജോലിചെയ്തു.  ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീൻ വിൽപനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാൻ പങ്കെടുത്തിട്ടുണ്ട്.