ssshammi-thilakan-exclusive

മലയാളത്തിലെ എറ്റവും പ്രതിഭാധനനും തന്റേടിയുമായ നടനായിരുന്നു തിലകൻ. വാര്‍ത്തകളില്‍ തിലകന്‍ നിറയെ ഉണ്ടായിരുന്നു. മരണാനന്തരമെങ്കിലും നടൻ തിലകനെതിരെ എടുത്ത നടപടി അമ്മ സംഘടന പിൻവലിക്കണം എന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് മകനും നടനും ഡബിങ് കലാകാരനുമായ ഷമ്മി തിലകന്‍. ജനങ്ങൾ ഇത്രയധികം സ്നേഹിക്കുന്ന മഹാനടനെതിരായ നടപടികൾ പിൻവലിച്ച് മാപ്പുപറയേണ്ടത് അമ്മ എന്ന സംഘടനയുടെ കടമയാണെന്ന് ഞാൻ വിചാരിക്കുന്നു. എന്നെ നിങ്ങൾ വ്യക്തിപരമായി ആക്രമിച്ചോളൂ... പക്ഷേ അച്ഛനെ വെറുതെവിടൂ. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണം. പ്രസിഡന്റായ മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നു– ഷമ്മി പറയുന്നു.  

ഒപ്പം അമ്മയുടെ ഏറ്റവും പുതിയ യോഗത്തില്‍ മുകേഷുമായി വാക്കേറ്റം ഉണ്ടായെന്ന വാര്‍ത്തകളോടും ഷമ്മി തിലകന്‍ തുറന്ന മനസ്സോടെ പ്രതികരിക്കുന്നു.  

∙താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ വച്ച് ഷമ്മി തിലകനും മുകേഷും തമ്മിൽ വാക്കേറ്റമുണ്ടായി എന്നായിരുന്നു ഏറ്റവും പുതിയ വാർത്ത. മുകേഷ് ഭീഷണിപ്പെടുത്തിയെന്നും ഷമ്മി തിലകൻ രൂക്ഷമായി പ്രതികരിച്ചുവെന്നും വാര്‍ത്ത വന്നു. യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്.

ചില മാധ്യമങ്ങൾ പ്രചരിപ്പിക്കും പോലെ രൂക്ഷമായ യാതൊന്നും അവിടെ നടന്നിട്ടില്ല. മുകേഷ് എനിക്കെന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണ്. സിനിമയിൽ വരുന്നതിനു മുൻപ് എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. വാർത്തകളിൽ വരുന്ന പോലെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല തർക്കമുണ്ടായത്. എന്റെ വ്യക്തിപരമായ വിഷയങ്ങളിലാണ്. അച്ഛന്റെ കാര്യങ്ങൾ പറയാനുളള പ്രതിപുരുഷൻ മാത്രമാണ് ഞാൻ. അമ്മയിൽ നിന്ന് തിലകന് നീതി വാങ്ങികൊടുക്കേണ്ടത് എന്റെ കടമയോ ഉത്തരവാദിത്തമോ അല്ല. ജനങ്ങൾ അത്രമാത്രം സ്നേഹിച്ച മഹാപ്രതിഭയോടു കാണിച്ച നീതികേടിന് പരിഹാരമുണ്ടാക്കാൻ ഞാൻ ആളല്ല.

∙ വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ നീ അനുഭവിക്കും എന്ന് മുകേഷ് പറഞ്ഞോ?

സത്യമാണ്. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചാൽ പ്രശ്നമുണ്ടാക്കുമെന്ന് മുകേഷ് പറഞ്ഞിരുന്നു. മാന്നാർ മത്തായി 2 എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അത്. അമ്മ പ്രസിഡന്റ് ഇന്നസെന്റും അടുത്തുണ്ടായിരുന്നു. പക്ഷേ ഒരു അക്ഷരം പോലും അദ്ദേഹം സംസാരിച്ചില്ല. മുകേഷാണ് സംസാരിച്ചത്. അതു കൊണ്ടാണ് ഹിയറിങ്ങിനു വിളിപ്പിച്ചപ്പോൾ അമ്മ എന്നെ വിലക്കിയിട്ടില്ല എന്ന് ഞാൻ പറഞ്ഞത്. സത്യത്തിൽ അമ്മയെ നിയമനടപടികളിൽ നിന്ന് ഞാൻ രക്ഷിക്കുകയാണ് ചെയ്തത്. മുകേഷുമായി എനിക്ക് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല.

കൊല്ലംകാരുടെ സ്വതസിദ്ധമായ സംഭാഷണം നമുക്ക് അറിയാമല്ലോ. അദ്ദേഹം പറഞ്ഞിൽ വഴക്കുണ്ടായിരുന്നില്ല. പരിഹാസവും ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ തമാശ എനിക്കു രസിച്ചില്ല. തന്റെ തമാശ ഇവിടെ വേണ്ടെന്നുളള എന്റെ മറുപടിയിലും വഴക്കില്ലായിരുന്നു. പുറത്തു നിന്ന് കേൾക്കുന്ന മറ്റുളളവർക്ക് വഴക്ക് തോന്നാമെങ്കിലും വഴക്കില്ലായിരുന്നു. അതിനു ശേഷം മുകേഷ് എന്റെ അടുത്തു വന്നു വിട്ടുകളയടാ, കാര്യമാക്കണ്ട എന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ആ കാര്യം അവിടെ കഴിഞ്ഞു. 

∙ മുകേഷ് പാരവച്ചോ? സിനിമയിൽ അവസരങ്ങൾ ഇല്ലാതാക്കിയോ?

shammi-thilakan

വിനയന്റെ പടത്തിനായി വാങ്ങിയ അമ്പതിനായിരം തിരിച്ചു കൊടുക്കേണ്ടി വന്നത് മുകേഷിന്റെ ഇടപെടലാണ്. ആ അർത്ഥത്തിൽ അവസരങ്ങൾ നിഷേധിച്ചു എന്നേ ഉദ്ദേശിച്ചുളളു. ‘അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്ന് പറഞ്ഞത് പോയിന്റ് ചെയ്തു പറയുകയാണ് ഉണ്ടായത്. മുകേഷ് വഴിനടത്തുന്ന ജ്യേഷ്ഠ സഹോദരനാണ്. 

∙പ്രതിഭാധനനായ തിലകന്റെ മകനെ ഉപയോഗപ്പെടുത്തിയത് ലോഹിതദാസ്, ജോഷി, സിബിമലയിൽ തുടങ്ങിയ സംവിധായകർ മാത്രമാണ്. മറ്റാരെങ്കിലും മാറ്റി നിർത്തിയോ?

തിലകൻ പറഞ്ഞതേ എനിക്കും പറയാനുളളൂ. എന്റെ കയ്യിൽ തെളിവില്ല. അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെന്നതിൽ ഞാൻ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. ഇനിയും പറയത്തുമില്ല. ജോഷിക്ക് ഞാൻ ഒരു അരുമയായിരുന്നു. അദ്ദേഹം ധാരാളം അവസരങ്ങൾ നൽകി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനനായ സംവിധായകൻ ജിജോ മനോരമയ്ക്ക് മുഴുനീള അഭിമുഖം നൽകിയപ്പോൾ അതിൽ ഒരു പാരഗ്രാഫ് എന്നെ പറ്റിയായിരുന്നു. നവോദയ അപ്പച്ചൻ സാറിന്റെ ഒരു ചാനൽ പരിപാടിയിൽ എന്നെ പ്രത്യേകം ക്ഷണിച്ചത് മറക്കാൻ സാധിക്കാത്ത അനുഭവമാണ്. മലയാള സിനിമയിൽ ഞാനുണ്ട്. ഇനിയും ഉണ്ടാകും.

∙തിലകന്റെ മകനായി പിറന്നതാണ് എന്റെ പ്രശ്നമെന്ന് ഷമ്മി പറഞ്ഞു, അത് ദുരോഗ്യം തന്നെയെന്ന് അച്ഛൻ ഏറ്റു പറഞ്ഞു?

തിലകനെ പോലെയുളള പ്രതിഭയുളള നടന്റെ മകനായി പിറക്കുമ്പോൾ വേണ്ടത്ര അറ്റൻഷൻ കിട്ടാതെ വരും. പ്രതിനായകനോ നായകനായി എന്നെ ക്ഷണിക്കുമ്പോൾ ആര് നമ്മുടെ തിലകൻ ചേട്ടന്റെ മോനോ. അവൻ കുട്ടിയല്ലേ അവന് ഇത്രയും വലിയ വേഷം ഫലിപ്പിക്കാനാകുമോ എന്നായിരുന്നു സംവിധായകരുടെ ചിന്ത. എനിക്കൊരു കുട്ടിയുണ്ടെന്ന് ആരും ഓർത്തുമില്ല. തിലകനെ അമ്മ വിലക്കുന്നതിനു മുൻപും ഇങ്ങനത്തെ അനുഭവങ്ങൾ ഉണ്ട്. നിങ്ങൾ പറയുന്നതു പോലെ ആരെങ്കിലും എന്റെ വഴി അടച്ചോ എന്നൊക്കെ പറഞ്ഞാൽ അതിനു തരാൻ എന്റെ കയ്യിൽ തെളിവൊന്നുമില്ല താനും.

∙ മോഹൻലാൽ നയിക്കുന്ന അമ്മയില്‍ നിന്ന് തിലകന് നീതി ലഭിക്കുമോ?

എന്റെ പ്രതീക്ഷയ്ക്ക് ഒത്ത് കാര്യങ്ങൾ നീക്കേണ്ട കാര്യമില്ല. മോഹൻലാൽ പ്രസിഡന്റായതിനു ശേഷമുളള പത്രസമ്മേളനത്തിൽ വളരെ പോസീറ്റിവായ സമീപനമാണ് ഉണ്ടായത്. തിലകനോട് സംഘടന കാണിച്ചത് നീതികേടാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. അനുഭാവപൂർവം പരിഗണിക്കാമെന്നാണ് പറഞ്ഞത്. തിലകന് നീതി വാങ്ങി കൊടുക്കാൻ ഞാൻ ആരാണ്. ഞാൻ അദ്ദേഹത്തിന്റെ കാര്യങ്ങൾ പറഞ്ഞുവെന്നേയുളളു. ജനങ്ങൾ ഇത്രയധികം സ്നേഹിക്കുന്ന മഹാനടനെതിരായ നടപടികൾ പിൻവലിച്ച് മാപ്പുപറയേണ്ടത് അമ്മ എന്ന സംഘടനയുടെ കടമയാണെന്ന് ഞാൻ വിചാരിക്കുന്നു. എന്നെ നിങ്ങൾ വ്യക്തിപരമായി ആക്രമിച്ചോളൂ... പക്ഷേ അച്ഛനെ വെറുതെവിടൂ. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണം. പ്രസിഡന്റായ മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നു.

∙ അവളൊടോപ്പം നിന്നപ്പോൾ പ്രതിസന്ധികൾ ഉണ്ടായോ?

അവൾക്കൊപ്പം തന്നെയാണ്. അതിൽ മാറ്റമില്ല. അതിന് മറ്റുമാനങ്ങൾ കൂട്ടി വായിക്കേണ്ട കാര്യമില്ല. അതിനു മാറ്റമൊന്നും ഇല്ലതാനും.