കൊല്ലത്ത് കാലൊടിഞ്ഞു ദുരിതത്തിലായ ഒരു മാസം പ്രായമുള്ള ആട്ടിൻകുട്ടിക്ക് ആശ്വാസം നൽകാൻ രാത്രി വൈകിയൊരു ശസ്ത്രക്രിയ. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യത്തൊഴിലാളിയുടെ ആട്ടിൻകുട്ടിയാണെന്ന് അറിഞ്ഞപ്പോഴാണ് അധികൃതർ ഉണർന്നു പ്രവർത്തിച്ചത്.

 

ശക്തികുളങ്ങര സ്വദേശിയായ മത്സ്യത്തൊഴിലാളി ബെന്നിന്റെ ഒരു മാസം പ്രായമായ ആട്ടിൻകുട്ടിക്കാണ് 23നു രാത്രി 7.30നു ശേഷം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തള്ളയാട് തൊഴിച്ചതിനെ തുടർന്നാണ് ആട്ടിൻകുട്ടിയുടെ വലത്തെ പിൻകാലിലെ എല്ല് രണ്ടായി ഒടിഞ്ഞത്.

 

രണ്ടു ദിവസത്തിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. നേരത്തെ കൊണ്ടുവന്നിരുന്നെങ്കിൽ പ്ലാസ്റ്റർ ഇട്ടു ചികിത്സിക്കാമായിരുന്നു. വൈകാനുള്ള കാരണം ഡ്യൂട്ടിയിലുണ്ടായിരുന്ന വെറ്ററിനറി സർജൻ ഡോ.അജിത് പിള്ള തിരക്കിയപ്പോഴാണ് രക്ഷാപ്രവർത്തനത്തിനു പോയതിനാൽ സ്ഥലത്ത് ഇല്ലായിരുന്നെന്ന കാര്യം മത്സ്യത്തൊഴിലാളി പറഞ്ഞത്. തുടർന്ന് അറ്റൻഡർ വിജയന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടു.

 

ഡ്യൂട്ടി തീരാൻ അര മണിക്കൂർ മാത്രം ബാക്കിനിൽക്കെ വന്ന ബെന്നിനോട് ആദ്യം ഈർഷ്യ തോന്നിയെങ്കിലും രക്ഷാപ്രവർത്തനത്തിനു പോയ മത്സ്യത്തൊഴിലാളിയാണെന്ന് അറിഞ്ഞതോടെ മനംമാറ്റം വന്നതായി ഡോ.അജിത് പിള്ള പറയുന്നു. 268 പേരെ പ്രളയത്തിൽ നിന്നു സ്വന്തം വള്ളത്തിൽ രക്ഷിച്ച ഒരാളോട് അടിയന്തര ചികിത്സ ആവശ്യമില്ലെന്നു പറയുന്നതിൽ എന്തർഥമെന്ന അഭിപ്രായത്തോടെ ഫെയ്സ്ബുക്  പോസ്റ്റിലാണ് ഡോക്ടർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.