കാലുഷ്യങ്ങളില്‍ നിന്ന് കേരളം കരകയറാന്‍ വെമ്പിയ അറുപതുകളായിരുന്നു നമ്പൂതിരിയുടെ  കലാപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി. നമ്പൂതിരി സമുദായം കെട്ടുപാടുകള്‍  പൊട്ടിച്ചെറിഞ്ഞ് ഉന്മേഷദായകമായൊരു  അനുഭവപരിസരത്തിലേക്ക്  നടന്നടുത്ത വര്‍ഷങ്ങളായിരുന്നു  അദ്ദേഹത്തിന്റെ   അസ്ഥിവാരം. മനോരമ ന്യൂസ് കോഴിക്കോട് റീജ്യനല്‍ ബ്യൂറോ ചീഫ് ജേക്കബ് തോമസ് നമ്പൂതിരിയനുഭവം എഴുതുന്നു

ഒരു പുരുഷാര്‍ഥം എത്രയാവാം..? ഒരു ജന്മം കൊണ്ട് അളന്നെടുക്കാവുന്ന അനുഭവങ്ങളും എത്രയാവാം? ഗുരുസങ്കല്‍പ്പങ്ങളുണ്ടെങ്കില്‍ ഈ ചോദ്യങ്ങള്‍  അങ്ങോട്ടാവാം. കോഴിക്കോട്  തൃശൂര്‍ ദേശീയപാതയില്‍ എടപ്പാളിനപുറം ഇറങ്ങി വലത്തോട്ട് നടന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക്  ഉത്തരമായി ഒരാളെ അവിടെ കാണാം.

 

93ലും അനുഭാവപൂര്‍ണിമയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിവരയിടുന്ന വിനയാന്വിതമായ ഒരു അുനുഭവമാണ്  ആര്‍ട്ടിസ്റ്റ് നമ്പൂതിരി. കാലഗണനയില്‍  നമ്പൂതിരിക്കൊപ്പമുള്ള പരിസരങ്ങളില്‍ മലയാളത്തില്‍ ആരുണ്ട്?  രാഷ്ട്രീയത്തില്‍  വിഎസുണ്ട്.  കലാപ്രവര്‍ത്തനത്തില്‍ നമ്പൂതിരി മാത്രമാവും. എടപ്പാളില്‍ ദേവനുണ്ടാവും മിക്കപ്പോഴും. മക്കളിലൊരാള്‍. ഏറെ അടുപ്പമുണ്ട് എനിക്ക്. അഛനും മകനും തമ്മിലുള്ള സൗഹൃദത്തിന്റെ പാരസ്പര്യം കണ്ട് കണ്ടിരുന്ന്  അകമെ ആനന്ദിച്ചിട്ടുണ്ട്. അങ്ങിനെയാണ് നമ്പൂതിരയെ കൂടുതലറിയുന്നത്. നിറഞ്ഞ്  നിറഞ്ഞങ്ങനെ തുളുമ്പാതെ നില്‍ക്കുന്ന സവിശേഷമായൊരു അനുഭവം.

 

കാലുഷ്യങ്ങളില്‍ നിന്ന് കേരളം കരകയറാന്‍ വെമ്പിയ അറുപതുകളായിരുന്നു നമ്പൂതിരിയുടെ  കലാപ്രവര്‍ത്തനത്തിന്റെ എഞ്ചുവടി. നമ്പൂതിരി സമുദായം കെട്ടുപാടുകള്‍  പൊട്ടിച്ചെറിഞ്ഞ് ഉന്മേഷദായകമായൊരു  അനുഭവപരിസരത്തിലേക്ക്  നടന്നടുത്ത വര്‍ഷങ്ങളായിരുന്നു  അദ്ദേഹത്തിന്റെ   അസ്ഥിവാരം.       കലാപ്രവര്‍ത്തനത്തില്‍ രേഖാചിത്രങ്ങള്‍ക്കപ്പുറം നമ്പൂതിരി കടന്നുപോയോയെന്നൊരു സന്ദേഹവുമുണ്ടാകാം. നിഷേധിക്കില്ല അദ്ദേഹം. പക്ഷെ  ചെയ്തുതീര്‍ത്തതിന്റെ ധാരാളിത്തം അല്‍പമല്ലാതെ ആനന്ദിപ്പിക്കുന്നുമുണ്ട്. 

 

ശുകപുരത്തെ  ക്ഷേത്രചുമരുകള്‍ നമ്പൂരിയുടെ കലാബാല്യത്തെ പരിപോഷിപ്പിച്ചു. ആദിമൂലത്തിനെയും കെ.സി.എസ്.പണിക്കരെയും ചിത്രകലയിലെ  ബംഗാള്‍ പാരമ്പര്യത്തെയും അദ്ദേഹത്തെ കണ്ടാല്‍  ഓര്‍മിച്ചെടുക്കാം. എം.വി.ദേവനായിരുന്നു കോഴിക്കോട്ടേക്ക് വിളിപ്പിച്ചത്. എന്‍.വി.കൃഷ്ണവാര്യര്‍  അയച്ചുകൊടുത്ത നിയമന ഉത്തരവ് നമ്പൂതിരിയുടെ  കലാപ്രവര്‍ത്തനത്തിലെ  ഒരു ചരിത്രരേഖയായി  അദ്ദേഹം തന്നെ  പറയും. എഴുത്തും വരയും സംഗീതവും  സിനിമയും  നാടകവും  നിറഞ്ഞാടിയ  60കളില്‍ നിന്നാണ് ഈ  കലാവ്യക്തിത്വം  അകമേ  വളര്‍ന്നതും  പുറമേക്ക്  അറിയിച്ചതും.  തകഴി, കേശവദേവ്, പി.കുഞ്ഞിരാമന്‍നായര്‍,  ഇടശേരി, തിക്കോടിയന്‍, പട്ടത്തുവിള, അരവിന്ദന്‍... ഇങ്ങയേറ്റം  പുനത്തിലിനെ വരെ  നമ്പൂതിരി വരഞ്ഞു. ഫോമും കണ്ടന്റും തമ്മിലുള്ള തര്‍ക്കങ്ങളൊക്കെ പിന്നെയായിരുന്നു. പക്ഷെ, മനസു കൊടുത്തില്ല നമ്പൂതിരി ഒന്നിനും.  

 

ഫ്യൂഡല്‍  സങ്കല്‍പങ്ങളുടെ അനല്‍പമായ നിഴല്‍പ്പാടുകള്‍ നമ്പൂതിരിയുടെ  വരകളില്‍  വീണുപോയിട്ടുണ്ടോ?   ഉഡുരാജമുഖികള്‍, മൃഗരാജകടി, ഗജരാജമന്ദഗതികളായ സുരലോകസുന്ദരികളങ്ങനെ  വിളഞ്ഞാടിയ കഥാകഥനങ്ങള്‍. മലയാളിമനസിന്റെ കാമനകളില്‍ നമ്പൂതിരിയുടെ  സത്രീഉടലുകള്‍  നിറഞ്ഞാടിയോ? അതിനപ്പുറവും വരഞ്ഞിട്ടുണ്ട് നമ്പൂതിരി. കാണേണ്ടത് മാത്രം കണ്ടെടുക്കുന്ന മലയാളിയുടെ സൗന്ദര്യബോധത്തെയും പക്ഷെ, മാനിക്കും നമ്പൂതിരി. 

 

കോഴിക്കോട്ടെ  പാരഗണ്‍  ലോഡ്ജ് ഇന്നില്ല. വൈകുന്നേരങ്ങളില്‍ അരവിന്ദന്റെയും  പട്ടത്തുവിളയുടെയും തിക്കോടിയന്റെയുമൊക്കെ ഉത്സാഹകമ്മിറ്റി കൂടുന്നത് ഇവിടെയായിരുന്നു. കേള്‍വിക്കാരനായെത്തുമായിരുന്ന നമ്പൂതിരിയെ  ഉത്തരായണത്തിന്റെ ആര്‍ട്ട്  ഡയറക്ടറാക്കിയിത്  ഇവരൊക്കെ ചേര്‍ന്നാണ്.  പിന്നെ ഷാജിയും  പത്മരാജനും വിളിച്ചു. പോയി, പക്ഷെ  മനസ് നില്‍ക്കാത്തിടത്ത്   നമ്പൂതിരിയുണ്ടാവില്ല,   വേഗം മടങ്ങി.  ലളിതകലാ അക്കാദമിയിലേക്ക്   മലയാറ്റൂര്‍  വിളിച്ചപ്പോഴും  മടിച്ചു.  പക്ഷെ  മലയാറ്റൂരിന് നമ്പൂതിരിയുടെ പേര്  മാത്രം മതിയായിരുന്നു. 

 

പിന്നില്‍  കെട്ടിയ മുടിയും വര്‍ണം വിതറിയ അരകയ്യന്‍  ഷര്‍ട്ടും വെളുത്ത മുണ്ടുമാണ് നമ്പൂതിരിക്കാഴ്ച.  മനസിന്റെ  വെളിച്ചം  കാഴ്ചഭംഗിയാകുന്നൊരു  ചിത്രപ്പണിയാണിത്. പൂര്‍ണത്തില്‍  നിന്ന് പൂര്‍ണം പോയാലും പൂര്‍ണം ബാക്കിയാകുന്നൊരു  അനുഭവപദ്ധതിയെക്കുറിച്ച് നമ്പൂതിരിയോട് ഒരിക്കല്‍ ചോദിച്ചിരുന്നു.  ഞാനും  നീയുമില്ല, നമ്മള്‍  മാത്രമാണ്  ബാക്കിയാകുന്നതെന്ന മട്ടിലായിരുന്നു മറുപടി. പരസ്പര പൂരകങ്ങളാകുന്നൊരു ജീവിതപദ്ധതി. എന്നു വെച്ചാല്‍  അഹം ബോധം  പടിക്ക് പുറത്തായൊരു  തെളിച്ചവും വെളിച്ചവും. അങ്ങിനെയാണ്  വാസുദേവനെ  അറിയാത്ത  സാമാന്യമായ  മലയാളി നമ്പൂതിരിയെ അറിഞ്ഞാനന്ദിക്കുന്നത്.  ആനന്ദമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, അകത്തും പുറത്തും.