TAGS

വൈറസിനെതിരായ പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ രാജ്യമെങ്ങും വിതരണം ചെയ്യുകയാണ് ആയുഷ് മന്ത്രാലയം. വൈറസ് ബാധയ്ക്കെതിരെ നൽകുന്ന ആർസെനികം ആൽബം 30 എന്ന ഗുളികയാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കിയത്. കേരള സര്‍ക്കാരും ഇക്കാര്യത്തിന് പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാനത്തും നിരവധി പേര്‍ ഈ ഗുളികകള്‍ ഉപയോഗിക്കുകയാണ്. എന്നാല്‍ ഇത് സാധാരണക്കാരില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഐഎംഎ നേതൃത്വം പറഞ്ഞു. 

 

വൈറൽ പനി, ചുമ, മറ്റ് ഇൻഫെക്ഷനുള്ളവർക്ക് മുൻപ് തന്നെ ഹോമിയോയിൽ നൽകി വന്നിരുന്ന മരുന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാധ്യമായ എല്ലാമാർഗങ്ങളിലൂടെയും ജനങ്ങളുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആഴ്സെനികം ആൽബം വിതരണം തുടങ്ങിയതെന്ന് ഹോമിയോ രംഗത്തെ വിദഗ്ധർ പറയുന്നു.

 

കോവിഡിനെതിരെയുള്ള മരുന്നല്ല ഇതെന്നും ശരീരത്തിന്റെ പൊതുവായ പ്രതിരോധ ശേഷി വർധിക്കുമ്പോൾ കോവിഡും ചെറുക്കാൻ സാധിക്കുമെന്ന വിലയിരുത്തലാണ് ഉള്ളതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. 

 

അലോപ്പതി മരുന്നുകൾ കഴിക്കുന്നവർക്ക് ഹോമിയോ ഗുളിക കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകില്ല. പാർശ്വഫലങ്ങളില്ലാത്ത ഗുളികയാണ് ഇത്. രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. ഒന്ന് വീതം മൂന്ന് ദിവസവും പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ പകുതി വീതവുമാണ് കഴിക്കേണ്ടതെന്നും രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു.

 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ  മാർച്ച് ആറിനാണ് ആയുഷ് മന്ത്രാലയം ആഴ്സെനികം ആൽബം 30 ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വിതരണം ചെയ്യാൻ നിർദ്ദേശം നൽകിയത്. അതത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ഇത് ഏകോപിപ്പിക്കുന്നതിനുള്ള ചുമതലയും നൽകിയിരിക്കുന്നത്. 

 

അതേസമയം ഹോമിയോ മരുന്ന് വിതരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഏബ്രഹാം വർഗീസ് പറയുന്നു. മാസത്തിൽ മൂന്ന് ഗുളിക കഴിച്ചാൽ കോവിഡ് വരില്ലെന്ന തെറ്റായ ആത്മവിശ്വാസമാണ് ഇത് ഉണ്ടാക്കുകയെന്നും കൃത്യമായ ബോധവത്കരണം വേണമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനുള്ള ബാധ്യത ബന്ധപ്പെട്ടവർ കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.