TOPICS COVERED

ഇൻഡോർ പൊലീസിലെ 'യമരാജൻ' എന്നറിയപ്പെടുന്ന പൊലീസ് ഉദ്യേഗസ്ഥന്‍ ജവഹര്‍സിങ്ങിന് ഷോക്കേറ്റ് ദാരുണാന്ത്യം. വീട്ടിലെ  പശുത്തൊഴുത്ത് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇൻഡോർ പൊലീസ് ലൈനിലെ വീട്ടിലായിരുന്നു സംഭവം.  പശുത്തൊഴുത്ത് വൃത്തിയാക്കാൻ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നതിനിടെയാണ് ജവഹർ സിങ്ങിന് ഷോക്കേറ്റത്. മോട്ടോറിന്റെ കേബിള്‍ വെള്ളത്തിൽ വീണനിലയിലായിരുന്നു. തൊഴുത്തിലുണ്ടായ പശുക്കിടാവും ചത്തു. അബോധാവസ്ഥയില്‍ വീണു കിടന്നിരുന്ന ജവഹര്‍സിങ്ങിനെ വഴിയാത്രക്കാരാണ് ആദ്യം കണ്ടത്. ഇവര്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോവിഡ്  കാലത്ത് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താനും വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കാനും യമൻ്റെ വേഷം ധരിച്ച് റോഡിലിറങ്ങിയതോടെയാണ് ജവഹര്‍സിങ് യാദവ് പ്രശസ്തനായത്.ഹെൽമെറ്റ് ധരിക്കാൻ ഇരുചക്രവാഹന യാത്രികരെ ബോധവൽക്കരിക്കാനുള്ള കാംപയ്‌നുകളിലും അദ്ദേഹം യമവേഷം ധരിച്ച് നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം വൈറലായിരുന്നു.

നിലവിൽ ക്രൈംബ്രാഞ്ചിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. നേരത്തെ എംജി റോഡ് പൊലീസ് സ്റ്റേഷനിലായിരുന്നു.ആ സമയത്താണ് ആളുകള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ ബോധവല്‍ക്കരണം നടത്തിയിരുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുംം. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Indore police head constable Jawahar Singh Yadav, known as 'Yamraj' for his awareness campaigns, died from an electric shock while tending to his cow.: