നായയെ കടുവയുടെ രൂപത്തിൽ  ചായം പൂശിയവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം മൃഗസ്നേഹികൾ. മലേഷ്യയിലാണ് സംഭവം. ഓറഞ്ചും കറുപ്പും ഇടകലർന്ന നിറങ്ങളിൽ  കടുവയുടേതിനു സമാനമായ രീതിയിൽ ചായം പൂശിയ നായയുടെ ചിത്രം മലേഷ്യൻ ആനിമൽ അസോസിയേഷനാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രം വളരെ വേഗത്തിൽ ജനശ്രദ്ധ നേടി.

നായയുടെ ദേഹത്ത് ചായംപൂശിയവരെ എത്രയും വേഗം കണ്ടുപിടിക്കണമെന്നും ഉചിതമായ ശിക്ഷ നൽകണമെന്നുമാണ് മൃഗസംരക്ഷണ സംഘടനകളും മൃഗസ്നേഹികളും ആവശ്യപ്പെടുന്നത്. മൃഗങ്ങളുടെ രോമങ്ങളിൽ ചായം പൂശുന്നത് അവയുടെ ആരോഗ്യത്തിന് ഏറെ ഹാനികരമാകും എന്നതിനാൽ   ഇത്തരം പ്രവണതകൾ മുൻപ് തന്നെ ഒട്ടേറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനിടെയാണ് ശരീരത്തിൽ പൂർണമായും നിറം പൂശിയ അവസ്ഥയിലുള്ള നായയുടെ ചിത്രങ്ങൾ പുറത്തുവരുന്നത്.

കുറ്റവാളികളുടെ  വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കണമെന്ന അടിക്കുറിപ്പോടെയാണ് മൃഗസംരക്ഷണ സംഘടനകൾ നായയുടെ ചിത്രം പങ്കുവയ്ക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർക്ക് മികച്ച പ്രതിഫലം നൽകുമെന്ന് അനിമൽ മലേഷ്യ എന്ന സംഘടന കുറിക്കുന്നു.സംഭവം മൃഗങ്ങൾക്ക് നേരെയുള്ള പീഡനമായി തന്നെ കണക്കാക്കണമെന്ന ആവശ്യമാണ് ഭൂരിഭാഗവും ഉന്നയിക്കുന്നത്. ഇത് വെറുമൊരു തമാശയായി കണ്ട് തള്ളിക്കളയാനാവില്ലെന്നും ജനങ്ങൾ പ്രതികരിച്ചു.

കഴിഞ്ഞ വർഷം കർണാടകയിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് തന്റെ വളർത്തു നായയെ ഒരു കർഷകനാണ്  കടുവയുടെ രൂപത്തിൽ നിറം പൂശിയത്. കൃഷിയിടങ്ങളിൽ ആക്രമണത്തിനെത്തുന്ന കുരങ്ങുകളെ വിരട്ടി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു അന്ന് നായയെ കടുവയാക്കി മാറ്റിയത്.