sahiryafi

'കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരിക്കും' എന്ന തലക്കെട്ടോടെ ആലപ്പുഴ സ്വദേശി സഹീർ യാഫിയുടെ മൊബൈൽ ക്ളിക്കിൽ പകർത്തിയ ചിത്രം പങ്കുവച്ചിരിക്കുന്നത് സാക്ഷാൽ ആപ്പിൾ കമ്പനിയാണ്. ഓസ്കാർ ജേതാക്കളായ സിനിമാറ്റോഗ്രാഫർമാരുടേത് അടക്കം ചിത്രങ്ങൾ ഫീച്ചർ ചെയ്ത ആപ്പിളിന്റെ ഇന്‍സ്റ്റഗ്രാം പേജിൽ തന്റെ ചിത്രവും ഫീച്ചർ ചെയ്തതിന്റെ സന്തോഷത്തിലാണ് സഹീർ. ലോകം മുഴുവൻ കണ്ട ആ ചിത്രത്തിന്റെ കഥ പറയുകയാണ് സഹീർ യാഫി. 

 

ഫോട്ടോഗ്രാഫിയിൽ സാധാരണക്കാരനായ ഒരാൾക്ക് നേടാവുന്ന വലിയൊരു അംഗീകാരമാണ് മുപ്പത്തി മൂന്നുകാരനായ യുവ ഫോട്ടോഗ്രാഫറെ തേടിവന്നിരിക്കുന്നത്. ആലപ്പുഴയിൽ തന്നെയുള്ള കഫേ കാറ്റമാരൻ എന്ന കോഫി ഹൗസിലെ പ്രത്യേക ഫ്രെയിമിൽ യാസിന്റെ കണ്ണിൽപെട്ട ഓന്തിന്റെ ചിത്രമാണ് അംഗീകാരത്തിലേക്ക് വഴിവച്ചത്. 

 

#ShotOnIphone എന്ന ഹാഷ് ടാഗിലാണ് സഹീര് തന്‍റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഈ ഹാഷ് ടാഗിൽ ആപ്പിളിന് ലഭിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും മികച്ചതാണ് അവര്‍ പേജില്‍ ഫീച്ചര്‍ ചെയ്യുന്നത്. 27.5 മില്യണ്‍ ഫോളോവേഴ്സുള്ള പേജിലാണ് ചിത്രം പങ്കു വച്ചിരിക്കുന്നത്. ഇതാദ്യമായല്ല സഹീറിനെ തേടി ആപ്പിളെത്തുന്നത്. മുന്‍പ് ആപ്പിള്‍ സങ്കടിപ്പിച്ച പെറ്റ് ചാലഞ്ച് ഫോട്ടോ മത്സരത്തിലും സഹീറിന്‍റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.  

 

കൂടാതെ അഞ്ചു വര്‍ഷത്തിനിടെ  നാല് പ്രാവശ്യം ആപ്പിൾ തന്റെ ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സഹീർ പറയുന്നു. പക്ഷേ അത് അവര്‍ പോസ്റ്റ് ചെയ്തിരുന്നില്ല. സഹീർ തന്‍റെ ഐ ഫോണില്‍ എടുക്കുന്ന ചിത്രങ്ങളൊന്നും എ‍ഡിറ്റ് ചെയ്യാറില്ല എന്ന് പ്രത്യേകതയുണ്ട്. 

 

ക്യാമറുകളുടെ കാലത്ത് നിന്ന് ഫോണുകളിലേക്കുള്ള സാങ്കേതിക വിദ്യയുടെ വളര്‍ച്ച തന്നെയാണ് തന്നെ പോലെ ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവര്‍ക്ക് അവസരങ്ങള്‍ നേടിത്തരുന്നതെന്നും സഹീര്‍  പറയുന്നു. മാറുന്ന ലോകത്തെ മാറ്റങ്ങള്‍ക്കൊപ്പം നടക്കാനും ആ മാറ്റങ്ങളൊക്കെ ജീവിത്തതില്‍ പ്രയോജനപ്പെടുത്താനും സഹീർ ശ്രമിക്കാറുണ്ട്.  ആലപ്പുഴയില്‍ ബിസിനസ് നടക്കുകയാണ് ഇദ്ദേഹം. ഫോട്ടോഗ്രാഫി പാഷനാണെങ്കിലും മുഴുവൻ സമയം ഇതിലേക്ക് കടക്കില്ലെന്ന് സഹാർ തന്നെ പറയുന്നു. ആപ്പിളില്‍ സ്വന്തം ചിത്രങ്ങൾ ഫീച്ചർ ചെയ്യുക എന്ന വലിയ മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് സഹീറിപ്പോൾ..