ഓണക്കാലമാണ്.. പൂക്കളും ആര്‍പ്പുവിളികളും ഇല്ലാതെ നമുക്ക് എന്ത് ഓണം അല്ലേ.. ഇത്തരത്തില്‍ ഓണക്കാലത്തെ വരവേല്‍ക്കുകയും പൂക്കളുടെ ഭംഗി വിളിച്ചോതുകയും ചെയ്ത കുറച്ച് പെണ്‍കുട്ടികളുണ്ട്. ഇവര്‍ ചെയ്ത ഫോട്ടോഷൂട്ട് കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ ലോകമാകെ. ഫോട്ടോഷൂട്ടിന് പിന്നിലും ഒരു പെണ്ണുതന്നെയാണ്. അതിര്‍വരമ്പുകളില്ലാത്ത പെണ്‍ ഭംഗിയോടെയാണ് ഈ ഓണക്കാലത്തെ ഇവര്‍ വരവേറ്റത്. മൂന്ന് മോഡലുകളെ വച്ചാണ് ഷൂട്ട് നടത്തിയിരിക്കുന്നത്. ആ ഫോട്ടോഗ്രാഫര്‍ ഐശ്വര്യ രാജന്‍ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

 

 

'പൂക്കളുടെ സാഫല്യം'

 

ഏതൊരു സൃഷ്ടിക്കും ഒരു ജന്മസാഫല്യമുണ്ട്. തൃക്കാക്കരയപ്പനെ വീട്ടില്‍ പത്തുദിവസം പൂജിക്കുമ്പോള്‍ അതിനുവേണ്ടി ഉപയോഗിക്കുന്ന പൂക്കളാണ് ഈ ഷൂട്ടിലുള്ളത്. ഒരു തരത്തില്‍ ആ പൂക്കളുടെ കൂടെ സാഫല്യമായേക്കാം ഈ അനുഭവം. ഒരു വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ്. രണ്ട് പെണ്‍കുട്ടികളെയും പൂക്കളാക്കി, മറ്റൊരാള്‍ പൂക്കളം ഇടുന്നു. പലയിടത്തും നിന്നാണ് നമ്മള്‍ അത്തമിടാന്‍ പൂക്കളെടുക്കുന്നത്. ഏത് രീതിയിലായിരിക്കും ആ പൂക്കങ്ങളുടെ സന്തോഷമാണ് പകര്‍ത്തിയത്. ഇങ്ങനെ പൂക്കാലത്തെ വരവേല്‍ക്കുന്ന നമ്മളും പൂക്കളും തമ്മിലുള്ള അടുപ്പമാണിത്. 

 

'കറുപ്പും ഭംഗിയാണ്'

 

മുന്‍പ് സീതയുടെ ഷൂട്ട് ചെയ്തിരുന്നു. ഈ രണ്ടു ഷൂട്ടിലെ മോഡലും ഒരേ ആള്‍ തന്നെയാണ്. ഭംഗിയെ അല്ലെങ്കില്‍ ദൈവത്തെ വര്‍ണ്ണിക്കുന്നത് വെളുപ്പിലൂടെയാണെന്ന തോന്നല്‍ ചില വായനകളില്‍ പോലും എടുത്തുകാട്ടുന്നുണ്ട്. ഒരു കുട്ടി വളരുന്ന സമയം മുതല്‍ കേള്‍ക്കുന്നത് പല കഥകളാണ്. ഇതിലുമുണ്ടാകും ആ വ്യത്യാസം. ഈ കഥകളില്‍ എല്ലാം സൗന്ദര്യത്ത വര്‍‍ണിക്കുന്നത് വെളുപ്പിലൂടെയാണ്. ആ കുട്ടിയുടെ മനസില്‍ ഇക്കാര്യങ്ങള്‍ ഉള്ളയിടത്തോളം അവരും അങ്ങനെയാകും സൗന്ദര്യത്ത കാണുക. കറുപ്പാണ് ഭംഗി എന്നല്ല, കറുപ്പും ഭംഗിയാണെന്നാണ് പറഞ്ഞുവയ്ക്കാന്‍ ശ്രമിച്ചത്. പാണ്ടു പിടിച്ച ആളാണെങ്കിലും അതിന് അതിന്‍റേതായ രസമുണ്ട്. ഭൂമിയില്‍ സൃഷ്ടിക്കപ്പെട്ടതിനെല്ലാം ഭംഗിയുണ്ട്. കേരളത്തില്‍ ഇപ്പോഴുമുള്ള പ്രശ്നമാണത്. കുട്ടി വെളുത്തത് അല്ലെങ്കില്‍ അവിടെ പ്രശ്നമുണ്ടാക്കും ചിലരില്‍. പ്രവസ റൂമുകളില്‍ ആണെങ്കിലും കുട്ടിയ്ക്ക് കളര്‍ കുറഞ്ഞുപോയി എന്നൊരു പറച്ചിലുണ്ട്. നെഗറ്റീവായാണ് കാണുന്നത്. പാണ്ടുപിടിച്ച, കറുത്ത, തടിയുള്ള കുട്ടിയാണെങ്കിലും ആ ഭംഗിയെ ഇഷ്ടപ്പെടുകയാണ് വേണ്ടത്. പത്തു പേരെങ്കിലും ഒന്നും മാറി ചിന്തിച്ചാല്‍മതി. 

 

'വെളുത്തവരെ കിട്ടാന്‍ പാടൊന്നുമില്ല'

 

ഇരുനിറത്തിലുള്ള കുട്ടിയെകൊണ്ട് ഈ വിഷയം പറയിപ്പിക്കുന്നതിലും നല്ലത് കറുത്ത ഒരാള്‍ തന്നെ വേണമായിരുന്നു എന്നുണ്ടായി. ഈ കുട്ടി അസ്സല്‍ കറുപ്പാണ്. അങ്ങനെ കറുപ്പിനെ കറുപ്പായി തന്നെ എടുത്തു കാണിച്ചു. സാരിയുടത്ത കുട്ടി കുന്നുംകുളത്തു നിന്നുള്ള ആളാണ്. മറ്റൊരാള്‍ ബംഗ്ലൂരും. കളര്‍ നോക്കി തന്നെയാണ് മോഡലിനെ തിരഞ്ഞെടുത്തത്. വെളുത്ത ആളുകളെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടില്ല. വെളുപ്പും, കറുപ്പും, ഇരുനിറവും, പാണ്ടും എല്ലാം ഭംഗിയാണ്. സൗന്ദര്യം അളക്കുന്നത് കാഴ്ചപ്പാടുകള്‍വച്ചു തന്നെ. ഇന്നതാണ് സൗന്ദര്യം എന്ന് പറഞ്ഞുകൊടുക്കാന്‍ പാടില്ല ആരും.. ആര്‍ക്കും.