മലയാള സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് മഞ്ചു പത്രോസ്. കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് താരം തായ്ലന്‍ഡിലേക്ക് യാത്ര പോയത്. യാത്രയ്ക്കിടയില്‍ താരം എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫ് ഓഫിസറോട് തട്ടിക്കയറിയ വിഡിയോ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, അതിനു പിന്നിലെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ചു. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ സഹ മത്സരാര്‍ഥികളായെത്തി ഇപ്പോൾ ജീവിതത്തിൽ അത്രയും ഗാഢമായ സൗഹൃദത്തിൽ എത്തിയ രണ്ടുപേരാണ് മഞ്ജുവും സിമിയും. ഇവരുടെ യുട്യൂബ് ചാനലായ ബ്ലാക്കീസിലൂടെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. 

കുറച്ചുനാള്‍ മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സര്‍ജറിയെ തുടര്‍ന്ന് ഹോര്‍മോണില്‍ വ്യതിയാനങ്ങളുണ്ടായി . അത്  മാനസികമായും ഉലച്ചെന്ന്  മഞ്ജു പത്രോസ് പറഞ്ഞു. തായ്ലന്‍ഡില്‍ നിന്നും തിരികെ വരാന്‍ നേരം എയര്‍പോര്‍ട്ടില്‍ നിന്ന് മദ്യം വാങ്ങിയിരുന്നു. ലഗേജ് കൊടുത്തുവിട്ടതിനു ശേഷമാണ് മദ്യം വാങ്ങിയതെന്നും സിപ് ലോക്കുള്ള കവറിലല്ല മദ്യം നല്‍കിയത്. അതിനാല്‍ കുപ്പി ഷോൾഡർ ബാഗിൽ വച്ചു. ഹാന്‍ഡ് ലഗേജ് സ്കാന്‍ ചെയ്തപ്പോള്‍ കുപ്പി കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതുകേട്ടയുടനെ ഉറക്കെ ബഹളമുണ്ടാക്കാന്‍ തുടങ്ങി. ഓഫിസര്‍ വളരെ കൂളായിട്ടാണ് എന്നോട് സംസാരിച്ചത്, ഞാന്‍ എന്നാല്‍ വീണ്ടും ഓവറായി ടെന്‍ഷന്‍ അടിക്കാന്‍ തുടങ്ങി. ഒടുവില്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വിമാനത്തിൽ കയറിയതിനു ശേഷം സിമി എന്നോടു ചോദിച്ചു, നീയെന്താണ് ഈ കാണിച്ചുകൂട്ടിയത്? നിനക്ക് മനസ്സിലാകുന്നുണ്ടാകില്ല. പക്ഷേ, ശരിക്ക് നീ നല്ല ബോറായി വരികയാണ്...

എയര്‍പോര്‍ട്ടില്‍ വച്ചുനടന്ന സംഭവത്തിനു ശേഷമാണ് ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത സർജറിക്കു പിന്നാലെ തനിക്കു നേരിടേണ്ടി വന്ന മാനസികപ്രശ്നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയതും വൈദ്യസഹായം തേടിയതുമെന്ന് മഞ്ജു പറഞ്ഞു. ഹോർമോൺ ചികിത്സ തുടങ്ങിയതിനു ശേഷം ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നുണ്ട്. ചൂടും വിയർപ്പും ഇപ്പോഴുമുണ്ട്. എന്നാൽ അന്നുണ്ടായ പോലെ ഇപ്പോഴില്ല. അന്ന് എന്റെ തലച്ചോറൊക്കെ പിരിപിരി കൂടുന്ന അവസ്ഥയിലായിരുന്നു. സർജറി കഴിയുന്നതോടെ എല്ലാം ഓകെ ആകുന്നില്ലെന്നും തുടർചികിത്സ ആവശ്യമാണ്. സർജറിക്കു ശേഷം എനിക്കെന്തോ വലിയ സങ്കടം ഉള്ള പോലെയായിരുന്നു. ശരിക്കും സങ്കടമുള്ള ഒരു കാര്യവും ജീവിതത്തിൽ ഇല്ലെങ്കിലും എനിക്കു വെറുതെ കരച്ചിൽ വരുമായിരുന്നു. ചെറിയ കാര്യം മതി കരച്ചിൽ വരാൻ! അതെല്ലാം ഇപ്പോൾ മാറിയെന്നും താരം തന്‍റെ യുട്യൂബ് ചാനലില്‍ വെളിപ്പെടുത്തി. 

ഗർഭപാത്രത്തിലെ ഫൈബ്രോയ്ഡും സിസ്റ്റുകളും സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുൻപ് മഞ്ജു തന്നെ ആരാധകരോടു തുറന്നു പറഞ്ഞിട്ടുണ്ട്. ഇവ നീക്കം ചെയ്യുന്നതിനായി നടത്തിയ സർജറിക്കുവേണ്ടി അഭിനയരംഗത്ത് നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനുശേഷം വീണ്ടും സജീവമായി കരിയറിൽ ശ്രദ്ധ ചെലുത്തുന്നതിന് ഇടയിലാണ് ഹോർമോൺ വ്യതിയാനം കൊണ്ടുണ്ടായ മാനസികാരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു.

ENGLISH SUMMARY:

Manju Pathrose revealed the reason behind the confrontation with the CISF officer