wedding-run

വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവാവിന് പിന്നാലെ ഓടുന്ന യുവതിയുടെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ബിഹാറിലെ നവാടയിലെ ഭഗത് സിങ് ചൗക്കിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം ചന്തയിലെത്തിയ യുവതി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന യുവാവിനെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവാവിനോട് തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ തുടങ്ങിയതോടെ നാട്ടുകാരും ചുറ്റും കൂടി.

വിവാഹം ചെയ്യൂ എന്ന് യുവതി അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ, പിന്നെയും പിന്നെയും യുവതിയുടെ കൈയിൽ നിന്ന് പിടിവിട്ട് രക്ഷപെടാനുള്ള ശ്രമങ്ങളാണ് യുവാവ് നടത്തുന്നത്. മൂന്ന് മാസം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നതെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സ്ത്രീധനമായി ഒരു ബൈക്കും 50,000 രൂപയും വാങ്ങുകയും ചെയ്തു. എന്നാൽ, വിവാഹ തീയതി അടുത്തതോടെ വിവാഹം നീട്ടവയ്ക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കൾ വിവാഹം നീട്ടുന്നതിനായി ഒഴികഴിവുകൾ പറഞ്ഞു കൊണ്ടേയിരിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.

കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയായതോടെ പൊലീസ് സ്ഥലത്ത് എത്തി. ഇരു കൂട്ടരെയും വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും യുവതിക്കും യുവാവിനും കൗൺസിലിങ് നൽകുകയും ചെയ്തു. ഇതിന് ശേഷം ഇരുകൂട്ടരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന് സമീപം തന്നെയുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹവും നടന്നു.