ഉഗ്രവിഷമുള്ള രാജവെമ്പാല തന്നെ കടിച്ച ശേഷം ചത്തെന്ന എന്ന അവകാശവാദവുമായി മദ്യപൻ. പാമ്പു കടിച്ചതിനെ തുടർന്ന് ചികിത്സ തേടിയെത്തിയ ഇയാൾ ഉത്തർപ്രദേശിലെ ഖുശിനഗർ ജില്ലാ ആശുപത്രിയിലെത്തിയതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

 

സംഭവം ഇങ്ങനെ: ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കാണ് ഇയാൾ ചികിത്സ തേടിയെത്തിയത്. അസുഖം എന്താണെന്ന് തിരക്കിയ ആശുപത്രി ജീവനക്കാരോട് തനിക്ക് രാജവെമ്പാലയുടെ കടിയേറ്റുവവെന്നായിരുന്നു മറുപടി. ഒന്നല്ല രണ്ടുതവണ തന്നെ പാമ്പ് കടിച്ചു എന്നാണ് ഇയാൾ വിശദീകരിച്ചത്. അർധബോധാവസ്ഥയിലായിരുന്നു ഇയാൾ. തന്നെ കടിച്ച ഉടൻതന്നെ രാജവെമ്പാല ചത്തുപോയതായും അവകാശപ്പെട്ടു. രാജവെമ്പാലയുടെ ഉഗ്രവിഷമേറ്റാൽ പരമാവധി 15 -20 മിനിറ്റിനുള്ളിൽ മരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണന്നിരിക്കെ രോഗി പറഞ്ഞത്രയും വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ ആശുപത്രി ജീവനക്കാരും ആശയക്കുഴപ്പത്തിലായി. 

 

കാലിലെ പാമ്പുകടിച്ച മുറിപ്പാടുകൾ ഡോക്ടർമാരെ കാണിച്ചശേഷം എത്രയും പെട്ടെന്ന് ചികിത്സ നൽകാനാണ് ഇയാൾ ആവശ്യപ്പെട്ടത്. പറഞ്ഞ കഥ തൽക്കാലം വിശ്വസിക്കാതെ ജീവനക്കാർക്ക് മറ്റു മാർഗമില്ലെന്നായി. കാരണം ചത്ത പാമ്പിന്റെ ജഡവും കൊണ്ടായിരുന്നു രോഗിയുടെ വരവ്. കടിച്ച് നിമിഷങ്ങൾക്കുള്ളിൽ പാമ്പ് ചാവുകയായിരുന്നുവെന്നാണ് മദ്യപൻ  ആവർത്തിച്ചു പറഞ്ഞത്. കവറിനുള്ളിലാക്കിയാണ് പാമ്പിന്റെ ജഡം ഇയാൾ കൊണ്ടുവന്നത്. 

 

ഇൻസ്റ്റഗ്രാമിലെ ട്രോൾ പേജിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ദൃശ്യം വൈറലായത്. ചികിത്സ തേടിയെത്തിയ വ്യക്തി പറഞ്ഞ കഥ അപ്പാടെ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ. അർധബോധാവസ്ഥയിൽ ചത്ത പാമ്പിനെ കണ്ടപ്പോൾ ഇയാൾ മെനഞ്ഞെടുത്ത കഥയാവാം ഇതെന്നാണ് ചിലരുടെ നിഗമനം.