ശരിയായ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരന് ട്രാഫിക് പൊലീസിന്റെ പിഴ. ബെംഗലുരുവിലെ ആർ.ടി നഗറിലാണ് സംഭവം. പകുതി മാത്രമുള്ള തൊപ്പി ഹെൽമറ്റ് ധരിച്ച് ഗിയർലെസ് സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് ബെംഗലുരു നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. ആര്‍.ടി നഗർ പൊലീസാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
'ഗുഡ് ഈവനിങ് സർ, പൊലീസുകാരനെതിരെ ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, താങ്ക്യു' എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ചിത്രം ഇപ്പോൾ വൈറലാണ്. എന്നാൽ ഇത് ഫോട്ടോ ഷൂട്ട് മാത്രമാണ് യാഥാർഥമല്ലെന്നാണ് ചിലർ പറയുന്നത്. നിരവധി പൊലീസുകാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുമ്പോഴും ട്രാഫിക് പൊലീസുകാർ നോക്കി നിൽക്കാറുണ്ടെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും ചിലർ ആരോപിക്കുന്നു.