റോഡായ റോഡെല്ലാം സഞ്ചരിക്കുന്നൊരു ചുവന്ന പരവതാനി വിരിച്ച പോലെ.. ആ ചുവന്ന പരവതാനി കാറ്റത്ത് അലയായ് ഒഴുകി വരുന്നത് പോലെ.. തോളോട് തോൾ ചേർന്ന്, നാടെന്നോ വീടെന്നോ റോഡെന്നോ ഒന്നും നോക്കാതെ പരസ്പരം മതിമറന്നുള്ള ഒരു യാത്ര..പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഇപ്പോൾ ചുവന്ന ഞണ്ടുകളുടെ ഹണിമൂൺ കാലമാണ്.. മനുഷ്യരെ മാറ്റിനിർത്തി, വാഹനങ്ങളുടെ നീണ്ട നിര മണിക്കൂറുകളോളം നീട്ടി അവർ അങ്ങനെ സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്ന പോലെ ഉല്ലസിച്ച് മുന്നേറും. പരസ്പരം ഒന്നുചേർന്ന് നാളെകളെ സൃഷ്ടിക്കാൻ വേണ്ടിയാണ് എല്ലാവർഷവും  ഒക്ടോബർ, നവംബർ മാസങ്ങളിലെ ഞണ്ടുകളുടെ ഈ ഹണിമൂൺ യാത്ര. 

 

ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനനത്തിനായി ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ നിന്ന് സമുദ്രതീരത്തേക്ക് ദേശാടനം നടത്തുന്നത്. ഒാസ്ട്രേലിയില്‍ നിന്ന് 240 കി.മി. അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ ജാവയുടെ  ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 135 ചതുരശ്ര കിലോമീറ്ററിൽ പരന്ന് കിടക്കുന്നൊരു ദേശീയോദ്യാനം. ഒരു നായയുടെ ആകൃതിയിലുള്ള ഈ ദ്വീപിന് 1643 ക്രിസ്മസ് ദിനത്തില്‍ ക്യാപ്റ്റന്‍ വില്ല്യം മൈനേഴ്സ് ആണ് ഇങ്ങനെ പേരിട്ടത്. ഗുഹകൾക്കും പവിഴപ്പുറ്റുകൾക്കും ഏറെ പേരുകേട്ട വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഇവിടം. . ഇന്ത്യന്‍  മഹാസമുദ്രത്തിലെ ഗാലപ്പഗോസ് ദ്വീപ്‌ എന്നും ഇത് അറിയപ്പെടുന്നു.

കടൽ ജീവികളും വ്യത്യസ്തയിനം പക്ഷികളും യഥേഷ്ടം ജീവിക്കുന്ന ക്രിസ്മസ് ദ്വീപിൽ റെഡ് ക്രാബ് എന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഞണ്ടുകളുടെ പ്രജനനകാലമാണ് ഒക്ടോബർ, നവംബർ മാസങ്ങള്‍. വർഷത്തിന്റെ ഭൂരിഭാഗം സമയത്തും ദ്വീപിലെ കാടിനകത്ത് കഴിയുന്ന റെഡ് ക്രാബുകൾ സമുദ്ര തീരത്തോടുചേര്‍ന്നുള്ള മാളങ്ങളിലേക്ക് കൂട്ടമായെത്തുക ഈ സമയത്താണ്. ക്രിസ്മസ് ദ്വീപില്‍ എല്ലാ വര്‍ഷവും കാണപ്പെടുന്ന ഒരു മനോഹര പ്രതിഭാസമാണ് ഞണ്ടുകളുടെ കുടിയേറ്റം. ഏകദേശം 60 ദശലക്ഷം ചുവന്ന കര ഞണ്ടുകൾ തീരത്തേക്ക് വരുന്നു എന്നാണ് കണക്ക്.

ഇണചേരാനും മുട്ടയിടാനുമാണ് അവയുടെ ഈ യാത്ര. ഇണചേർന്ന് കഴിഞ്ഞാൽ ആണ്‍ ഞണ്ടുകള്‍ കാടുകയറും. എന്നാല്‍ പെണ്‍ഞണ്ടുകള്‍ തീരത്തോടു ചേർന്നുള്ള മാളത്തില്‍ത്തന്നെ 2ആഴ്ച കൂടി തുടരും. ഒരു പെൺ ഞണ്ട് 100,000 മുട്ടകൾ വരെയിടും. മുട്ടയിട്ടാൽ അത് മുഴുവൻ കടലിലേക്ക് തട്ടിയിടും. ക്രിസ്മസ് ദ്വീപ് റെഡ് ക്രാബുകളുടെ ഒരു പറുദീസയാണെന്ന് പറയാം. മനുഷ്യൻ കയ്യടക്കിയതെല്ലാം കാൽച്ചുവട്ടിലാക്കി, അവരെ ഓരത്തേക്ക് മാറ്റിനിർത്തി ഭൂമിയുടെ മറ്റൊരു അവകാശിയായ ചുവന്ന ഞണ്ടുകളുടെ പ്രണകാലം കൂടിയാണിത് ഇപ്പോൾ.

അതിനിടയിലും ഞണ്ടുകളുടെ വഴിയിൽ നീണ്ട് നിവർന്നങ്ങ് കിടക്കുന്ന മനുഷ്യരെയും ചിലയിടത്ത് കാണാം. ഞണ്ടുകൾ മേലാകെ പൊതിയുമ്പോഴുള്ള സുഖമാസ്വദിക്കാനാണത്ര ഇത്. പക്ഷേ അവരുടെ ഈ യാത്രയിൽ മനുഷ്യൻ അവർക്ക് ഒരു വെല്ലുവിളിയാകുന്നില്ല. കാരണം അവർ പറഞ്ഞ് പോകുന്നത് ജീവിതമാണ് പ്രണയമാണ്. നാളെ എന്ന നല്ല പ്രതീക്ഷയാണ്..