‘ഇന്ദ്രൻസിനെ തോളിലേറ്റി മാധ്യമങ്ങൾക്ക് മുന്നിൽ നിൽക്കുന്ന അമിതാബ് ബച്ചൻ..’ മനോഹരമായ ഈ ആശയത്തിന് ജീവൻ നൽകിയിരിക്കുകയാണ് ഷനോജ് ഷറഫ് എന്ന കലാകാരൻ. ഫെയ്സ്ബുക്കിൽ ഷനോജ് പങ്കുവച്ച ചിത്രം ഇപ്പോൾ സൈബർ ഇടങ്ങളിൽ ൈവറലാണ്. മന്ത്രിയുടെ നാക്കുപിഴ വലിയ വിവദമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചിലർ രോഷം പ്രകടിപ്പിച്ചപ്പോൾ ഷനോജ് ഒരു ഭാവനാചിത്രം തന്നെ ഒരുക്കി തന്റെ രോഷം വ്യക്തമാക്കി.
‘കോൺഗ്രസിന്റെ സ്ഥിതി എടുത്താൽ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോൺഗ്രസ് മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലെത്തി’– ഇതായിരുന്നു സാംസ്കാരിക മന്ത്രി കൂടിയായ വാസവന്റെ വാക്കുകൾ. എന്നാൽ മന്ത്രിയുടെ പരാമർശത്തിൽ വിഷമമോ ബുദ്ധിമുട്ടോ തോന്നിയിട്ടില്ലെന്നുമായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ‘മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാബ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ ?. ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയ്മിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്’.– ഇന്ദ്രൻസ് പറഞ്ഞു.