‘ഇന്നും മാഞ്ചുന പോല്‍ പൊള്ളിടുന്നു നീ കടം തന്നൊരു ഉമ്മയെല്ലാം.., ഇവളുടെ മുന്നും പിന്നും കണ്ടുകൊതിച്ചവർ മിന്നും മെഹറും െകാണ്ട് നടന്നവർ.. കൂന്താലിപ്പുഴയൊരു വമ്പത്തി..’ ഇങ്ങനെ പോയ വരികളെല്ലാം മലയാളിയുടെ നെഞ്ചകത്തിരുന്ന് ഈ ദിനം മാഞ്ചുന പോല്‍ പൊള്ളിക്കുന്നുണ്ടാകും. എത്രയാവർത്തി കേട്ടാലും മടുക്കാത്ത ഒരു പിടി പാട്ടുകളുടെ കൂട്ടുകാരൻ. അത്രമാത്രം ഹൃദ്യമായിരുന്നു ബീയാർ പ്രസാദിന്റെ വാക്കുകൾ. ഒരുപാടൊന്നും ചെയ്യാതെ, ചെയ്തതെല്ലാം പൊന്നാക്കിയ എഴുത്തുകാരൻ. എഴുതിയതിലെല്ലാം കവിത ഉള്‍ച്ചേര്‍ത്ത പ്രതിഭാശാലി. 

 

പ്രിയദർശന്റെ ‘ഒരു കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെ ഗാനരചയിതാവായി അരങ്ങേറിയപ്പോൾ തന്നെ എഴുതിയ പാട്ടെല്ലാം ഹിറ്റ്. ഇപ്പോഴും ആ പാട്ടിലെ ഇടയ്ക്കൊരു വരിയെങ്കിലും കാതിൽ വന്നു വീഴുമ്പോൾ അറിയാതെ തന്നെ ഒപ്പം പാടിപ്പോകുന്ന ഇന്ദ്രജാലമുണ്ടായിരുന്നു ആ സിനിമയിലെ പാട്ടുകൾക്കെല്ലാം.  അന്ന് തമാശയ്ക്ക് പലരും പറഞ്ഞു. ഒന്നു മുതൽ പത്തുവരെ എണ്ണാൻ അറിയുന്ന ആർക്കും ഇന്ന് മലയാള സിനിമയിൽ പാട്ടെഴുതാമെന്ന്. എന്നാൽ ഇന്ന് ആവർത്തിച്ച് കേൾക്കുമ്പോൾ ആ പാട്ടും അതിലെ വരികളും സിനിമയുമായി എത്രത്തോളം ചേർന്നുനിൽക്കുന്നുവെന്ന് വ്യക്തമാകും.

 

വിവാഹശേഷവും തന്റെ കാമുകനായി കാത്തിരിക്കുന്ന ആമിനയുടെ പ്രണയത്തെ എത്ര മനോഹരമായിട്ടാണ് ആ പാട്ടിൽ പ്രസാദ് എഴുതിവച്ചത്. ‘കിളിച്ചുണ്ടൻ മാമ്പഴമേ.. കിളി കൊത്താ തേൻപഴമേ..’ ആ സിനിമയുടെ കഥ തന്നെ വരച്ചിട്ട പോലെ. ഒരു കൂന്താലിപ്പുഴയുടെ ഒഴുക്ക് പോലെ അത്രമേൽ ലളിതമായിരുന്നു അദ്ദേഹത്തിന്റെ ഓരോ വരികളും. ഒറ്റനോക്കിനും കേൾവിക്കും അപ്പുറമെന്തോ ഓരോ തവണയും പറഞ്ഞുെകാണ്ടിരിക്കുന്നു ആ പാട്ടുകളെല്ലാം.

 

‘ജലോൽസവം’ എന്ന സിബി മലയിൽ ചിത്രത്തിലെ ‘കേരനിരകളാടും...’ എന്ന ഗാനം. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ അതിൽ രണ്ടാമത് ഈ ഗാനമായിരുന്നു. ഒരു കഥ പോലെ പറഞ്ഞ പാട്ടും കൂട്ടത്തിലുണ്ട്. ‘മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി.. നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്നനാൾ...’ ഇങ്ങനെ വെട്ടമുള്ള പാട്ടോർമകളുടെ പേരുകാരൻ കൂടിയായി മാറുന്നു ഇനി മുതൽ പ്രസാദ്.